ന്യൂദല്‍ഹി: ഐസിസിയുടെ പതിറ്റാണ്ടിന്റെ താരമാകാനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും സ്പിന്നര്‍ രവിചന്ദ്ര അശ്വിനും പട്ടികയില്‍ ഇടം നേടി. ഏഴ് പേരാണ് പതിറ്റാണ്ടിന്റെ താരമാകാന്‍ നോമിനേഷനിലുള്ളത്. കോഹ്ലിക്കും അശ്വിനും പുറമെ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരും വിരമിച്ച ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും പട്ടികയിലിടം നേടി.
പതിറ്റാണ്ടിന്റെ ഏകദിന താരമാകാന്‍ കോഹ്ലിക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും എം.എസ്. ധോണിയും നോമിനേഷനിലുണ്ട്. ശ്രീലങ്കയുടെ ലസിത് മലിംഗ, ഒസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരും പട്ടികയിലുണ്ട്.
ടെസ്റ്റ് താരത്തിനുള്ള നോമിനേഷനില്‍ വിരാട് കോഹ്ലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്, സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സണ്, ശ്രീലങ്കയുടെ രംഗന ഹെറാത്ത്, പാക്കിസ്ഥാന്റെ യാസിര്‍ ഷാ എന്നിവരുടെ ഇടം നേടി.
ട്വന്റി20 താരത്തിനുള്ള പട്ടികയില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, അഫ്ഗാന്റെ റാഷിദ് ഖാന്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍, ഓസീസ് താരം ആരോണ്‍ ഫിഞ്ച്, ശ്രീലങ്കയുടെ ലാസിത് മലിംഗ, വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ എന്നിവരും ഇടം നേടി. പതിറ്റാണ്ടിന്റെ വനിതാ താരമാകാന്‍ ഇന്ത്യയുടെ മിതാലി രാജ് നോമിനേഷനിലുണ്ട്.
ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരത്തിന് ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവര്‍ പട്ടികയിലുണ്ട്. അഞ്ച് നോമിനേഷനുകളില്‍ ഇടം നേടിയ വിരാട് കോഹ്ലിക്കാണ് പതിറ്റാണ്ടിന്റെ താരത്തിനുള്ള സാധ്യത കല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: