അറബിക്കടലോരം നെഞ്ചിലേറ്റുന്ന മനോഹരമായ കുന്നിന് മുകളിലൊരു ധര്‍മശാസ്താക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ ചൊവ്വരയിലാണ് അതിപുരാതനമായ ഈ ക്ഷേത്രമുള്ളത്.
ചൊവ്വര ധര്‍മശാസ്താക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പ്രയാസമാണെങ്കിലും ചരിത്രരേഖകളില്‍ കൊല്ലവര്‍ഷം 852ല്‍ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയതായി സൂചിപ്പിക്കുന്നു. അറബിക്കടലിന്റെ തീരം ചേര്‍ന്നുള്ള ചൊവ്വര വനപ്രദേശമായിരുന്നു.
പഞ്ചപാണ്ഡവന്മാര് ഈവനത്തില്‍ ഒളിച്ച് താമസിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. കുടിനീര് അന്വേഷിച്ച് പാണ്ഡവര്‍ ആഴിമലയിലെത്തി. അവിടെ പാറയില്‍ ഭീമസേനന്റെ കാല്പാദം പതിഞ്ഞ് കുഴിയുണ്ടായെന്നും അതില്‍ നിന്ന് വെള്ളം കോരി കുടി=ച്ചെന്നും ഐതിഹ്യം.
‘കിണ്ണി കുഴി’ എന്ന പേരില്‍ ഇപ്പോഴും പ്രസിദ്ധമാണ് ഈ വറ്റാത്ത ഉറവ. ശാസ്താക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം ഇവിടെയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ കാണുന്ന സ്ഥലത്ത് സ്ഥായിയായ ക്ഷേത്രം നിലകൊള്ളുന്നത്.
കിഴക്കേ നടയിലൂടെ ക്ഷേത്രദര്‍ശനം നടത്തണമെങ്കില്‍ ഇരുമുടി കെട്ടുമായി 18 പടി ചവിട്ടണം. എങ്കിലേ ശാസ്താവിനെ ദര്‍ശിക്കാന്‍ അനുവദിക്കൂ. ബുധന്‍, ശനി, മലയാളമാസം ഒന്നാം തീയതി, ഉത്രം, പൗര്‍ണമി, വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നുവരെ മാത്രമാണ് നട തുറക്കാറുള്ളത്. പ്രതിഷ്ഠാ ദിനമായ കുംഭത്തിലെ രോഹിണി നാളിലാണ് പടിപൂജ നടത്താറുള്ളത്.
ഏഴ് നിവേദ്യം ഭഗവാന് സമര്‍പ്പിക്കുന്നു. അതില്‍ എള്ള് പായസം ഭഗവാന്റെ ഇഷ്ട നിവേദ്യമാണ്. ഗണപതി, ദുര്‍ഗ, മഹാദേവന്, നാഗര്‍ ഇവര്‍ക്കെല്ലാം സംരക്ഷകനായി സങ്കല്‍പ്പിച്ച് രക്ഷാദേവന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്, നെയ്യഭിഷേകം, അപ്പം, അരവണ, പായസം, നീരാജനം, വെടിവഴിപാട്, എന്നിവയാണ് പ്രധാന വഴിപാട്ടുകള്. ഐശ്വര്യ പൂജയ്ക്കും, പൗര്‍ണ്ണമിക്കും നാരങ്ങ വിളക്കുകള്‍ തെളിയിക്കാറുണ്ട്.
സതീഷ് കരുംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: