”കള്ള സിമന്റിന് കാവല്‍ നില്ക്കും കള്ള ശിഖണ്ഡിയെ കണ്ടോളാം നിന്നെ ഞങ്ങളെടുത്തോളാം……”
പാലം പണിയുടെ പങ്ക് കിട്ടാഞ്ഞിട്ട് ഇസഹാക്ക് തരകന്റെ പ്രതിപക്ഷപ്പടയുടെ പോര്‍വിളിയാണ് കേള്‍ക്കുന്നത്. തരകന് പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ ചാരി നിന്ന് പ്രകടനം കാണും. മുദ്രാവാക്യങ്ങളില്‍ മതമാണ് നിറയെ…. എതിരാളി ദുശ്ശാസനക്കുറുപ്പും ശിങ്കിടി ശിഖണ്ഡിപ്പിള്ളയുമാണ്. പണിയുന്ന പാലം പള്ളി വരേക്കും നീട്ടണമെന്ന ആവശ്യമേ പ്രകടനക്കാര്ക്കുള്ളൂ…. ”മാമോദീസ വെള്ളം വീണവര്‍ മാപ്പ് പറഞ്ഞ് മടങ്ങൂല്ലാ… ” എന്നാണ് താക്കീത്. തെരഞ്ഞെടുപ്പ് പ്രചാരണം നാടെങ്ങും തകര്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു ശരാശരി പഞ്ചായത്തിന്റെ ഭരണം വരച്ചുകാട്ടിയ പഞ്ചവടിപ്പാലം ജീവിക്കുന്നതിങ്ങനെയൊക്കെയാണ്.
പ്രകടനത്തൊഴിലാളി യൂണിയനാണ് പ്രകടനത്തിന് ആളെ അണിനിരത്തുന്നത്. ഇന്ന് ഇസഹാക്ക് തരകന് വേണ്ടിയാണെങ്കില്‍ നാളെ ദുശ്ശാസനക്കുറുപ്പിന് വേണ്ടിയും യൂണിയന് പ്രകടനം നടത്തും. മൗനജാഥയ്ക്ക് ഒരു റേറ്റ്, മുദ്രാവാക്യത്തിന് അല്പം കൂടും. പാട്ടും കൂടി വേണമെങ്കില്‍ അതനുസരിച്ചാവുമെന്ന് മാത്രം….. ഇതരസംസ്ഥാനത്തൊഴിലാളിക്ക് പണം കൊടുത്ത് ഹാള്‍ നിറയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴത്തെപ്പോലെ അപ്പോഴും ഉണ്ടെന്ന് സാരം…
ഐരാവതക്കുഴി പഞ്ചായത്തും പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പും മലയാളിക്ക് മറക്കാനാവാത്ത ബിംബങ്ങളാണ്. പാലാരിവട്ടം പാലം പണിയുടെ കഥ കേട്ടവരെല്ലാം അറിയാതെ ഓടിപ്പോയത് ഐരാവതക്കുഴിയിലെ പഞ്ചവടിപ്പാലത്തിലേക്കാണ്. 1984ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവടിപ്പാലം. പാലം അപകടത്തില്‍ എന്ന വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയെ ആസ്പദമാക്കി ജോര്‍ജും കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമാണ് തിരക്കഥ തയ്യാറാക്കിയത്.
മരണമില്ലാത്ത അഴിമതിയുടെ പ്രതിരൂപങ്ങളാണ് കഥാപാത്രങ്ങളത്രയും. പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, ഭാര്യ മണ്ഡോദരി, ശിങ്കിടി ശിഖണ്ഡിപ്പിള്ള, കോണ്ട്രാക്ടര് ജീമൂത വാഹനന് തുടങ്ങി ആബേലും റാഹേലും ബറാബസും വരെ പഞ്ചവടിപ്പാലത്തില്‍ കഥാപാത്രങ്ങളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാന്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ കൃത്യമായ ചിത്രീകരണം കാണാന്‍ പഞ്ചവടിപ്പാലത്തിലേക്ക് തിരിച്ചു നടന്നാല്‍ മതി.
അവിശ്വാസപ്രമേയവും കുടിപ്പിച്ച് കിടത്തലും നോട്ടിറക്കലും ചാക്കില്കയറ്റവും കൂറൂമാറ്റവുമടക്കം എല്ലാം സമാസമം ചേര്‍ത്ത് പരുവപ്പെടുത്തിയെടുത്ത എവര്‍ലാസ്റ്റിങ് സറ്റയറാണ് പഞ്ചവടിപ്പാലം. അതിലില്ലാത്തതൊന്നും ഇപ്പോഴും കേരളത്തിലെ പഞ്ചായത്തുകളില്‍ കാണാനാവില്ല.
നേരാംവണ്ണം കിടന്ന പാലം ബോംബ് വെച്ച് തകരാറിലാക്കിയിട്ടാണ് പുതിയ പണിക്ക് ദുശ്ശാസനക്കുറുപ്പ് കരാര്‍ വിളിക്കുന്നത്. പാലത്തിലേക്ക് കയറുന്നിടത്ത് കുറുപ്പിന്റെ പ്രതിമയും വെക്കും. പോസ്റ്റോഫീസിന് പുതിയ കെട്ടിടം പണിതപ്പോള്‍ അതിനായി ശ്രമിച്ചതിന് തന്റെ ഒരു പ്രതിമയെങ്കിലും വെക്കേണ്ടതാണെന്ന് കേരളത്തിലെ ഒരു എംപി മോഹിച്ചത് അടുത്തിടെയാണ്. അഴിമതിയില്‍ മുങ്ങിത്താണാലും പാര്‍ട്ടിസെക്രട്ടറിക്കും മക്കള്‍ക്കും ഭാര്യമാര്‍ക്കും വരെ വേണ്ടി നാട്ടില്‍ ഗോഗ്വാവിളിക്കുന്നവരെയും അന്നേ പഞ്ചവടിപ്പാലം വരച്ചിട്ടിട്ടുണ്ട്.
‘പടക്കുറുപ്പേ ജേതാവേ പഞ്ചായത്തിന് ജേതാവേ
പടയണി വന്നാലും ചെമ്പട വന്നാലും
പപ്പടം പോലെ പൊടിച്ചോളാം
മണ്ഡോദരിയുടെ മാനം കാക്കാന്‍
നേരിട്ട് വെട്ടി മരിച്ചോളാം…..’ എന്നാണ് മുറവിളി.. പഞ്ചവടിപ്പാലവും ഐരാവതക്കുഴി പഞ്ചായത്തും ദുശ്ശാസനക്കുറുപ്പുമൊക്കെ കണ്മുന്നിലിപ്പോഴുമുണ്ടെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: