വടകര: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ്-ആര് എംപി സഖ്യം പൊളിയുന്നു. സിപിഎം വിമതരെ ഒപ്പം ചേര്‍ത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ അട്ടിമറി വിജയം നേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകത്തില്‍ ആര്‍എംപി ഉള്‍പ്പെടുന്ന ജനകീയ മുന്നണി യാണ് വടകര മേഖലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ ഒരുമിച്ചു മത്സരിക്കുന്നത്.
മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേതൃത്വത്തെ വെല്ലുവിളിച്ച് പത്രികള്‍ നല്‍കിയതോടെ ജനകീയ മുന്നണി അടിസ്ഥാനത്തിലുള്ള അടവ്നയം പാളിയ നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യുഡിഎഫ് – ആര്‍എംപിഐ ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്കിയ സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെയാണ് നിലവില്‍ ഭിന്നത രൂക്ഷമായത്. ധാരണ ലംഘിച്ചതോടെ വടകര ബ്ലോക്കിലും ബ്ലോക്കിനു കീഴില്‍ നാല് പഞ്ചായത്തുകളിലും ജനകീയ മുന്നണി എന്ന ധാരണ പ്രതിസന്ധിയിലാണ്.
യുഡിഎഫ് ആര്‍എംപിഐ ധാരണപ്രകാരം കല്ലാമല ഡിവിഷനില്‍ ആര്‍എംപി യുടെ കെ. സുഗതനെയാണ് ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. ഇവിടെ കോണ്‍ഗ്രസിലെ കെ.പി. ജയകുമാര്‍ പത്രിക നല്‍കിയത് വിമതനെന്ന നിലയിലാണ്.
എന്നാല്‍ ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെ ഔദ്യോഗിക പരിവേഷവും വന്നു. ആര്‍എംപിഐ പ്രവര്‍ത്തകര്‍ പലതവണ പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മത്സര രംഗത്ത് നിന്നും ജയകുമാര്‍ പിന്മാറഞ്ഞതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും ആര്‍എംപിഐ യിലും അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: