ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. ഏപ്രിൽ മാസത്തിനു ശേഷം മരിച്ച 650 മൃതശരീരങ്ങളാണ് യഥാർത്ഥ അവകാശികളെ കണ്ടെത്താൻ കഴിയാതെയും സംസ്കാര ചിലവുകൾക്ക് പണം കണ്ടെത്താൻ കഴിയാതെയും ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരങ്ങൾ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും അറിയിച്ചു. നൂറ് കണക്കിന് മൃതശരീരങ്ങൾ ഇതിനകം ഹാർട്ട് ഐലന്റിൽ സംസ്കരിച്ചതായി മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. പാൻഡമിക്ക് പൂർണ്ണമായും വിട്ടു മാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളിൽ തന്നെ മൃതശരീരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു.
ഏപ്രിൽ 1 – ന് 1941 മരണമാണ് ന്യൂയോർക്കിൽ മാത്രം സംഭവിച്ചത്. ഹാർട്ട് ഐലന്റിൽ കൂട്ടമായി മൃതശരീരങ്ങൾ അടക്കം ചെയ്തു എന്ന വാർത്ത വന്നതോടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി. മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള ചിലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഫ്യൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ പറയുന്നു. നവംബർ 23 ഞായറാഴ്ച വരെ ന്യൂയോർക്ക് സിറ്റിയിൽ 278,956 കോവിഡ് ബാധിതരും 19,537 മരണവും സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബർ മധ്യത്തിനും നവംബർ മധ്യത്തിനും ഇടയിൽ ട്രക്കുകളിൽ ശരീരങ്ങളുടെ എണ്ണം 698 ൽ നിന്ന് 650 ആയി കുറഞ്ഞ വിവരം വോൾ സ്ട്രീറ്റ് ജേർണൽ ഞായറാഴ്ച പുറത്തുവിട്ടു.
കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ മൃതശരീരങ്ങൾ വഹിച്ചെത്തുന്ന വാഹനങ്ങൾ ബ്രൂക്ലിനിലെ സ്ട്രീറ്റിലെത്തി. അജ്ഞാത ജഡങ്ങളിൽ ഏറിയപങ്കും രാജ്യത്തെ ഏറ്റവും വലിയ ശ്മശാനമായ ഹാർട്ട് ഐലന്റിലേക്കാണ് അയയ്ക്കുന്നത്. മഹാമാരിയിൽ ഇതിന്റെ എണ്ണം അവിശ്വസനീയമാംവിധം കൂടുതലാണ്. ഏപ്രിലിൽ മേയർ ബിൽ ഡി ബ്ലാസിയോ ഹാർട് ദ്വീപിലേക്ക് ജഡങ്ങൾ അയയ്ക്കുന്നതായി സമ്മതിച്ചിരുന്നു. എന്നാൽ, ആരും അവകാശങ്ങൾ പറഞ്ഞെത്താത്ത അജ്ഞാത ജഡങ്ങൾ മാത്രമാണ് അവയെന്നും എല്ലാം കോവിഡ് ബാധിച്ച് മരിച്ചവരല്ല, മറ്റു രോഗങ്ങൾകൊണ്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും അതിൽപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗജന്യ ശവസംസ്കാരത്തിന് അഭ്യർത്ഥിക്കാൻ എല്ലാ കുടുംബങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്തുണയുമായി ചീഫ് മെഡിക്കൽ എക്സാമിനർ ഡോ. ബാർബറ സാംപ്സൺ രംഗത്തുവന്നു. ” കുടുംബങ്ങൾക്ക് ആശ്രയമാകാനും അവരെ സഹായിക്കാനും വേണ്ടി തികച്ചും മാന്യമായ രീതിയിലാണ് മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യം ഒരുക്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് വലിയൊരു ദൗത്യം തന്നെയായിരുന്നു.” ബാർബറ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: