കൊല്ലം: പളുങ്കുമാലകളുടെ കാലമാണ് മണ്ഡലകാലം. അറ്റത്ത് അയ്യപ്പചിത്രമുള്ള ലോക്കറ്റുമായി കടകളില്‍ തൂങ്ങിക്കിടക്കുന്ന പലതരം മാലകള്‍…. രുദ്രാക്ഷം മുതല്‍ വട്ടക്കമ്പ് ചെത്തിമിനുക്കി ചായം പൂശിയെത്തുന്നവ വരെ…..
മണ്ഡലകാലത്തിനായി പ്രകൃതി ഒരുക്കുന്ന പളുങ്കുമാലകളുമുണ്ട്. പണ്ടുകാലത്ത് ശബരിമലയ്‌ക്ക് പോകുന്നവര്‍ ഈ ചെടിയില്‍ നിന്ന് പഴുത്തുപാകമാകുന്ന കായകള്‍ പറിച്ചെടുത്ത് മാലകള്‍ തീര്‍ക്കുമായിരുന്നു. കാനനവാസനായി ഒരുക്കുന്നതെല്ലാം കാടുമായി ചേര്‍ന്നവയാകണമെന്ന നിര്‍ബന്ധബുദ്ധിയുള്ള കാലമായിരുന്നു അത്.
പറമ്പിലും വയലിറമ്പിലുമൊക്കെ കാടുപോലെ വളര്‍ന്നുകിടന്ന പളുങ്കുചെടികളില്‍ നിന്ന് വട്ടയിലയില്‍ കുമ്പിളുകുത്തി പളുങ്കുകള്‍ ശേഖരിക്കുകയും അവ മാലയാക്കുകയും ചെയ്തിരുന്ന കാലം….. നേരിയ വാഴനാര്, കൂര്‍ത്ത ഈര്‍ക്കില്‍ വഴി പളുങ്കുകളില്‍ കോര്‍ത്ത് നിരവധി മാലകള്‍. പച്ച നിറത്തിലെ പളുങ്കുകള്‍ പഴുക്കുമ്പോള്‍ അതിന് ഗോതമ്പ് നിറമാണ്… ചിലതൊക്കെ ചാരനിറത്തിലും മറ്റ് ചിലത് വയലറ്റ് കലര്‍ന്ന് മങ്ങിയ നിറത്തിലും…. പ്രകൃതിയുടെ ചിത്രവേലകള്‍ നിറയെ കാണുമായിരുന്നു പാകമായ പളുങ്കുകളില്‍ വരയായും പുള്ളിയായുമൊക്കെ…..
മണ്ഡലകാലത്ത് അയ്യനെ കാണാന്‍ വ്രതമെടുക്കുന്ന ഭക്തന്മാര്‍ക്ക് പ്രകൃതി നല്‍കുന്ന മുത്തുമാലയാണത്…. ഇന്നത്തെ പോലെ കടകളില്‍ പല നിറങ്ങളില്‍ മാലകള്‍ തൂങ്ങിക്കിടക്കാത്ത കാലത്ത് വയലിറമ്പിലെ പളുങ്കുകള്‍ കോര്‍ത്ത് മാലയാക്കുമായിരുന്നു. അങ്ങനെയാണ് ഈ കാലം… കാട് പൂക്കുന്നതും മഞ്ഞണിയുന്നതും മാല കോര്‍ക്കുന്നതുമെല്ലാം എല്ലാം കാനനവാസന് വേണ്ടി…..
കാലം മാറിയപ്പോള്‍ വയലിറമ്പുകളില്‍ നിന്ന് പലതും കാണാതായി…. കാക്കപ്പൂവും കാക്കണം പുല്ലും ഈ പളുങ്ക് ചെടിയും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: