ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിത്യേന രൂക്ഷമാകുന്നു. ഇന്നലെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിക്ക് ബദലേ അല്ലെന്നു പറഞ്ഞ സിബല്‍ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസില്‍ മാറ്റംവരില്ലെന്നും തുറന്നടിച്ചു. ചില സമിതികള്‍ രൂപീകരിച്ച് വിമതരെ അവയിലുള്പ്പെടുത്തി എതിര്‍പ്പ് കുറയ്ക്കാന്‍ സോണിയ ശ്രമം ആരംഭിച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്നാണ് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കപില്‍ സിബല്‍ വെടി പൊട്ടിച്ചതില്‍ നിന്ന് വെളിവാകുന്നത്.
താന്‍ രാഹുലിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരല്ല, പാര്‍ട്ടിയുടെ ഇന്നത്തെ പ്രവര്‍ത്തനത്തിലാണ് എതിര്‍പ്പ്. കോണ്‍ഗ്രസ് ബിജെപിക്ക് എതിരാളിയല്ല. 18 മാസമായി മുഴുവന്‍ സമയ പ്രസിഡന്റ് പോലുമില്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ ബിജെപിയുടെ എതിരാളിയാകാന്‍ കഴിയും. നാം എന്തുകൊണ്ട് തോല്‍ക്കുന്നുവെന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ച പോലുമില്ല. ഞാന്‍ ഗാന്ധി കുടുംബത്തിന് എതിരെ വിപ്ലവം ഉണ്ടാക്കുകയൊന്നുമല്ല, സിബല്‍ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുലിന്റെ നേതൃത്വം, പാര്‍ട്ടിയിലെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ വയനാട് എംപിയിലേക്കാണ് നോക്കുന്നത്, പക്ഷെ ഞാന്‍ പറയുന്നത് വ്യക്തികളെക്കുറിച്ചല്ലെന്നായിരുന്നു ഉത്തരം. പാര്‍ട്ടിയുടെ പ്രകടനം, എന്തുകൊണ്ട് തോറ്റു എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും വരെ ഞാന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കും. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവരുടെ വീടുകളില്‍ പോലും പോകാന്‍ കഴിയുന്നില്ല. നിങ്ങളുടെ പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് അവര്‍ വീടുകളില്‍ പോലും നേരിടുന്നത്.
അവരുടെ വികാരങ്ങളെപ്പറ്റി എന്തു പറയുന്നു. എന്റെ വികാരങ്ങള്‍ മുറിപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും. ഞാന്‍ ആരെയും വെല്ലുവിളിക്കുകയല്ല, നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. 2014ലും 2019ലും തോറ്റു, പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയതു കൊണ്ട് മാറ്റം വരില്ല. ജനങ്ങളിലേക്ക് പോകണം, സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: