കട്ടപ്പന/ കുമളി: നിരവധി മോഷണ കേസുകളിലെ പ്രതി സ്പൈഡര്‍ ജയരാജ് തമിഴ്നാട്ടില്‍ നിന്ന് പോലീസ് പിടിയിലായി. മാങ്കുളം കുറത്തിക്കുടി കോളനിയിലെ ആറാട്ട്കടവ് വീട്ടില്‍ ജയരാജി(30) നെ ആണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
രാജപാളയം സുന്ദരപാണ്ഡ്യം തെരുവില്‍ ഇയാള്‍ വാര്‍ക്ക പണിക്കാരാനായി ജോലി നോക്കി വരികയായിരുന്നു. അടുത്തിടെ കുമളയിലെ പൊതുമരാമത്ത് ഓഫീസിലും കല്യാണത്തണ്ടിലെ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.
കുമളി പിഡബ്ല്യുഡി ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരിയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, കീബോര്‍ഡ് മുതലായവയാണ് മോഷ്ടിച്ചത്. ജൂലൈ 26ന് ആയിരുന്നു മോഷണം നടന്നത്. കുമളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.
കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ആഗസ്റ്റ് 16 രാവിലെയാണ് മോഷണ വിവരം പുറം ലോകം അറിയുന്നത്. 20,000 രൂപയും ഒന്നേകാല്‍ പവന് സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്.
പളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ 20ന് രാവിലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണും കണ്ടെത്തി. കുമളിയില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, കുമളി സിഐ ജോബിന് ആന്റണി, എസ്ഐ പ്രശാന്ത് പി. നായര്‍, എസ്ഐ സജി, ഉദോഗസ്ഥരായ ബേസില്‍, സുബൈര്‍, അനീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ എങ്ങനെ പിടികൂടി എന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇത്തരത്തിലുള്ളവ പുറത്ത് വിടരുതെന്ന് സര്‍ക്കുലര്‍ ഉള്ളതായാണ് ഡിവൈഎസ്പി വ്യക്തമാക്കിയത്. വിവിധ ജില്ലകളിലായി 30ല്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണിയാള്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: