ന്യൂദല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയായെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി. ചിദംബരം. ‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്’.ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിനെതിരേയും ചിദംബരം ട്വീറ്റ് ചെയ്തു. അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും’, ചിദംബരം ട്വീറ്റ് ചെയ്തു. പോലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. നിയമം പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ പോലും പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: