കോഴിക്കോട്: പട്ടര്‍പാലം എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യആസൂത്രകരായ രണ്ടു പേരുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. പോപ്പുലര്‍ഫ്രണ്ട് സിറ്റി ഡിവിഷണ് പ്രസിഡണ്ടും ജില്ലാ കമ്മറ്റി അംഗവുമായ എലത്തൂര്‍ വടക്കരകത്ത് ഹനീഫ(38), എസ്ഡിടിയു ജില്ലാ നേതാവും ചെറൂട്ടി റോഡിലെ പോര്‍ട്ടറുമായ പുതിയങ്ങാടി ചാലില്‍ മന്ദംകണ്ടിപറമ്പ് ഷബീര്‍ അലി(37) എന്നിവരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. മൂന്നു ദിവസമാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നത്.
മറ്റു ചില പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുതിയങ്ങാടി കേന്ദ്രീകരിച്ചാണ് കേസിന്റെ ഗൂഢാലോചന നടന്നത്. കേസിലെ നിര്‍ണ്ണായക തെളിവുകളായ വാഹനം, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ എലത്തൂരിലെയും പുതിയങ്ങാടിയിലെയും പ്രതികളുടെ വീടുകളില്‍ നിന്നും മറ്റും കണ്ടെടുത്തു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
2019 ജൂലൈ മാസത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പങ്കെടുത്ത പരിപാടിക്കിടെ ക്വാറി നടത്തിപ്പുകാരായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രവര്‍ത്തകര്‍ അവിടേക്ക് എത്തണമെന്നും ഹനീഫ ജില്ലയിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും പട്ടര്‍പാലം അങ്ങാടിയില്‍ വെച്ച് പോപ്പുലര്‍ഫ്രണ്ട് നോര്‍ത്ത് ഏരിയാ പ്രസിഡണ്ട് ബിജെപി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. ഇതിന്റെ പ്രതികാരമായാണ് ഷാജിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇവര്‍ തന്നെയാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ജില്ലാ ഫിറ്റ്നസ് ട്രെയിനര്‍മാരും കളരി അഭ്യാസികളുമായ പൂവ്വാട്ടുപറമ്പ് മാങ്ങോട്ടുവീട്ടില്‍ അന്‍സാറിനെയും അബ്ദുള്ളയെയും അക്രമം നടത്താന്‍ ചുമതലപ്പെടുത്തിയത്.
സ്ഥലവും സമയവും തെരഞ്ഞെടുക്കാന്‍ അവര്‍ അന്‍സാറിനെ ചുമതലപ്പെടുത്തി. അക്രമം നടന്ന ദിവസം ഹനീഫയും മറ്റൊരു നേതാവും പട്ടര്‍പാലത്തെത്തി മുഖ്യപ്രതികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അക്രമം നടന്നയുടനെ പ്രതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയും ഷബീര്‍ അലി ഡിവിഷന് സെക്രട്ടറിയെ ദൗത്യം പൂര്‍ത്തിയാക്കിയ വിവരം അറിയിക്കകയും ചെയ്തു. അയാള്‍ നേരിട്ട് മെഡിക്കല്‍ കോളേജില്‍ വയറുവേദന എന്ന വ്യാജേന എത്തുകയും മരിച്ചോ എന്ന് വിലയിരുത്തുകയും വിവരം പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുകയും ചെയ്തു.
ഹനീഫയുടെ നിര്‍ദ്ദേശപ്രകാരം ഇയാളും ഷബീര്‍ അലിയും ഹനീഫയും അര്‍ദ്ധരാത്രി വരെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ വിലയിരുത്തി. പുതിയപാലം സ്വദേശിയായ ഇയാള്‍ പിന്നീട് ഗള്‍ഫിലേക്ക് മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
2019 ഒക്ടോബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യപ്രതികളായ അബ്ദുള്ളയെയും അബ്ദുള്‍ അസീസിനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനാല്‍ ഒളിവില്‍ പോവുകയായിരുന്നു. അന്‍സാര്‍ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: