തളിപ്പറമ്പ്: ഉത്തര കേരളത്തിലെ അനുഷ്ഠാനമായ തെയ്യത്തെ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോലധാരികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി. ചന്തപ്പുരയില്‍ സ്ഥാപിക്കാന്‍ പോകുന്ന തെയ്യം മ്യൂസിയം, തെക്കുമ്പാട് സ്ഥാപിക്കുന്ന തെയ്യം ക്രൂയിസ് പദ്ധതി എന്നിവ ഉപേക്ഷിക്കണമെന്നതാണ് സമിതിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
അന്യം നിന്നുപോകുന്ന കാര്യങ്ങള്‍ക്കാണ് മ്യൂസിയം ആവശ്യം. എന്നാല്‍ ഇന്നും തെയ്യവും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സജീവമാണ്. അവ കൂടുതല്‍ സജീവമാക്കാന്‍ തെയ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അക്ഷീണം പ്രയത്നിക്കുന്നുമുണ്ട്. അതിനിടയില്‍ ഒരു മ്യൂസിയം സ്ഥാപിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തില്‍ ധാരാളം കലാരൂപങ്ങള്‍ ഉണ്ട് അത്തരത്തിലൊരു കലയായി തെയ്യത്തെ കാണാന്‍ സാധിക്കില്ല. അങ്ങനെ ആക്കിത്തീര്‍ക്കാനുള്ള കഠിനശ്രമത്തിന്റെ ഭാഗമാണ് തെക്കുമ്പാട്ടെ മലബാര്‍ തെയ്യം ക്രൂയിസ്. തെയ്യത്തെ ടൂറിസത്തിന്റെ ഭാഗമാക്കി എവിടെയും എപ്പോഴും അവതരിപ്പിച്ച് പണമുണ്ടാക്കുക എന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്. ആരുതന്നെ ശ്രമിച്ചാലും കോലധാരികള്‍ അതിനെ ശക്തമായി എതിര്‍ക്കും. തെയ്യം പൂര്‍ണ്ണമായും അനുഷ്ഠാനമായി നിലനിര്‍ത്താന്‍ സഹായിക്കാത്തവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കും. തെയ്യം കെട്ടുന്ന സമുദായത്തില്‍പ്പെട്ട നിരവധിപേര്‍ ഇപ്പോള്‍ മത്സര രംഗത്തുണ്ട് അവര്‍ക്കും ഈ ബഹിഷ്ക്കരണം ബാധകമായിരിക്കും. തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കുടുംബാഗങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാകും. ഇതിനായി ഞായറാഴ്ച്ച രാവിലെ 11 മണിക്ക് പയ്യന്നൂര്‍ ആനന്ദതീര്ഥാശ്രമത്തില് തെയ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എല്ലാ സമുദായാംഗങ്ങളുടെയും യോഗം നടക്കും.
ജില്ല പ്രസിഡന്റ് ലക്ഷ്മണന് മുതുകുട, ഉത്തമന് ആലക്കാട്, ഹരിദാസന് മാങ്ങാടന്‍ പെരുവണ്ണാന്, സുബിന് പെരുവണ്ണാന് പാലായി, സജേഷ് പണിക്കര്‍ കൊയങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: