ഹരിപ്പാട്: മഞ്ഞണിഞ്ഞ മാമലകള്‍ താണ്ടി ശബരീശ്വര സന്നിധാനത്തിലെത്തി അയ്യപ്പനെ കണ്ട് തൊഴുത പ്രതീതിയിലാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഭക്തര്‍. എല്ലാ വീടും സന്നിധാനം, എല്ലാവര്‍ക്കും പൊരുള്‍ അയ്യപ്പന്‍ എന്ന സന്ദേശവുമായി ലോകത്താകമാനമുള്ള അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സാഫല്യമേകണമെന്ന ഉദ്ദേശ്യത്തോടെ അയ്യപ്പ സേവാ സമാജവും അയ്യപ്പ ഭക്തജനക്കൂട്ടായ്മയും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ അയ്യപ്പ ദര്‍ശനത്തിന്റെ സമാപനം മകര ജ്യോതി കണ്ട് അയ്യപ്പനെ വണങ്ങി മലയിറങ്ങിയ വിശ്വാസികളുടെ അനുഭവം പോലെയായി.
ശബരിമലയുടെ മാതൃകയില്‍ തയാറാക്കിയ ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങുകള്‍. രാവിലെ പള്ളിയുണര്‍ത്തി മുന്‍ ശബരിമല മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ദീപം തെളിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം ആരംഭിച്ചു. 7.30നും 7.45നും ഇടയ്‌ക്ക് തൃക്കൊടിയേറ്റ്. തുടര്‍ന്ന് ഉഷഃപൂജയും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും. ഇതൊക്കെ ഓണ്‍ലൈനായി വീക്ഷിച്ച ഓരോ അയ്യപ്പഭക്തനും അനുഭവിച്ചറിയുകയായിരുന്നു, താന്‍ സന്നിധാനത്താണെന്ന്.
നിറഞ്ഞ ഭക്തിയോടെ ശരണം വിളികളും മുഴങ്ങിയതോടെ വീട്ടിലിരുന്ന ഓരോ അയ്യപ്പസ്വാമിയും അത് ഏറ്റുവിളിച്ചു. ഉച്ചയ്‌ക്ക് 11 35ന് ചരിത്രത്തില്‍ത്തന്നെ ആദ്യമായി ശബരിമലയിലെ ഒന്‍പത് മേല്‍ശാന്തിമാരും മാളികപ്പുറത്തെ ഒരു മേല്‍ശാന്തിയും പങ്കെടുത്ത അപൂര്‍വ സംഗമം. തുടര്‍ന്ന് മണ്ഡല കാലത്ത് ശബരിമലയെ അനുസ്മരിപ്പിക്കുന്ന പോലെ വിവിധ കലാകാരന്‍മാരുടെ പരിപാടികളും നടന്നു. വൈകിട്ട് ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചതോടെ ഓരോ ഭക്തന്റെ മനസ്സിലും അയ്യപ്പദര്‍ശനം കഴിഞ്ഞ നിര്‍വൃതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: