വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മോദിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചതിരെ തുടര്‍ന്ന് ബൈഡന്റ് ട്രാന്സിഷന് സംഘം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദക്ഷിണേഷ്യന്‍ വംശജയായ വൈസ് പ്രസിഡന്റിനൊപ്പം ചേര്‍ന്ന് ഇന്ത്യ യുഎസ് തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കുമെന്നും ബൈഡന് പറഞ്ഞു.
കൊറോണ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ എല്ലാ രാജ്യാന്തര പ്രശ്നങ്ങളിലും ഇന്തോപസഫിക് മേഖലയിലെ സഹകരണം തുടങ്ങി എല്ലാ രാജ്യാന്തര വെല്ലുവിളികളിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ബൈഡന് വ്യക്തമാക്കി. തിരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനമറിയിച്ചതില് ബൈഡന് നന്ദി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ സംഭാഷണം നടത്തിയത്. ബൈഡന് നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും ട്വിറ്ററില്‍ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്.
‘യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിക്കാനായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ഇന്‍ഡോയുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഇന്‍ഡോ പസിഫിക് മേഖലയിലെ സഹകരണം തുടങ്ങിയ മുന്‍ഗണനാ വിഷയങ്ങളും ആശങ്കകളും പങ്കുവച്ചു’മോദി ട്വിറ്ററില്‍ കുറിച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ചതായി പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. കമലാ ഹാരിസിന്റെ വിജയം ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവുമാണ്. ഇന്ത്യയുഎസ് ബന്ധത്തിന് കമല വലിയ കരുത്ത് പകരുമെന്നും മോദി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: