തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടും ഇതു പരിഹരിക്കാനായിട്ടില്ല. ഇരുകൂട്ടരുടെയും അണികള്‍ തമ്മിലുള്ള തെരുവിലെ പോരിനും തുടക്കമായി.
തിരുവനന്തപുരം നഗരസഭയിലെ കാലടി വാര്‍ഡിലാണ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആദ്യം തര്‍ക്കം ഉടലെടുത്തത്. സിപിെഎയുടെ സിറ്റിങ് വാര്‍ഡായ പൂജപ്പുര വിട്ടുകൊടുക്കാമെന്നും പകരം കാലടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതൃത്വം സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം ശ്യാംമോഹനനെ സ്ഥാനാര്‍ത്ഥിയാക്കി പ്രചരണം തുടങ്ങി. ചുമെരഴുത്തും പോസ്റ്ററുകളും വാര്‍ഡില്‍ നിറഞ്ഞതിന് ശേഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു വേണ്ടി സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ഇത് അണികളെ ആകെ പ്രകോപിപ്പിച്ചു. സിപിഐ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഎം പട്ടം വാര്‍ഡ് ചോദിച്ചെങ്കിലും സിപിഐ അത് വിട്ടുകൊടുക്കാന്‍ തയാറായില്ല. സിപിഐയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. ഇവിടെ സിപിഐക്കെതിരെ സിപിഎം രംഗത്തിറങ്ങിയിട്ടുണ്ട്. പിടിപി നഗറില്‍ തുടര്‍ച്ചയായി ഒരാളെ സ്ഥാനാര്ത്ഥിയാക്കുന്നുവെന്നാരോപിച്ച് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ദിലീപും കൂടെയുള്ളവരും രാജിവച്ചു. നെട്ടയത്ത് സിപിഎം എല്‍സി അംഗമായ നല്ലപെരുമാള്‍ സ്വതന്ത്രനായി പ്രചരണം തുടങ്ങി. സിപിഎം സീറ്റ് നല്‍കാത്തതിനാലാണ് ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇവിടെ റിബലിനെ പിന്തുണയ്ക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.
വാമനപുരം മണ്ഡലത്തിലെ നെല്ലനാട് പഞ്ചായത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കോലിയക്കോട് ക്യഷ്ണന് നായര്‍ രംഗത്തെത്തി. സീറ്റ് ധാരണയ്ക്ക് തുരങ്കം വച്ചത് താനാണെന്ന സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നാണ് കോലിയക്കോട് ക്യഷ്ണന് നായര്‍ പറയുന്നത്. സീറ്റ് ധാരണ പൊളിച്ചത് സിപിഐ പ്രാദേശിക നേതൃത്വമാണെന്നും കോലിയക്കോട് ആരോപിച്ചു.
പാലോട് പെരിങ്ങമ്മലയില്‍ ഇരുകൂട്ടരും തമ്മിലുള്ള പോര് പൊട്ടിത്തെറിയുടെ വക്കിലെത്തി. ഇവിടെ ഏകപക്ഷീയമായി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് സിപിഐയെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. നിലവിലുള്ള സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇവിടെ സിപിെഎയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: