കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലുണ്ടായ കലഹം രൂക്ഷം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ വീതം വച്ചപ്പോള്‍ പോലും സിപിഎമ്മിനൊപ്പം കേരള കോണ്‍ഗ്രസിനും പരിഗണന നല്‍കിയതാണ് സിപിഐയേയും സിപിഎമ്മിനുള്ളിലെ ഒരു വിഭാഗത്തെയും ചൊടിപ്പിച്ചത്. ഇത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ തിരിച്ചടിയായി.
ജില്ലാ പഞ്ചായത്തില്‍ സിപിഎം-ജോസ് വിഭാഗങ്ങള്‍ ഒന്‍പത് സീറ്റുകള്‍ വീതവും, സിപിഐയ്ക്ക് നാലു സീറ്റും നല്കാന് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ ഒരു വിഭാഗത്തിന്റെയും സിപിഐയുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്ന് മത്സരിക്കാന്‍ തയാറെടുക്കുന്ന വാസവന് കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്‍ ജയിച്ച് കയറാമെന്നാണ് കരുതുന്നത്. ഈ നീക്കത്തിന്റെ ഭാഗമായാണ് മുന്നണിക്കുള്ളില്‍ കേരള കോണ്‍ഗ്രസിന് അധിക പ്രാധാന്യം നല്‍കുന്നതെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാന ആക്ഷേപം.
കാലങ്ങളായി എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐക്ക് പകുതി സീറ്റു പോലും ലഭിച്ചില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. ഫലത്തില്‍ മൂന്നാം കക്ഷിയായി മാറിയെന്നും സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയുടെ വിലപേശല്‍ ശേഷിക്ക് എന്തുപറ്റിയെന്നാണ് ചിലര്‍ ചോദിക്കുന്നത്.
തെരഞ്ഞെടുപ്പിന് 21 ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നണിയിലും സിപിഎമ്മിലും ഉണ്ടായിരിക്കുന്ന തര്‍ക്കം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നതില്‍ അണികള്‍ക്കിടയിലും രോഷം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: