കൊച്ചി : പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിലൂടെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കി. അഴിമതിയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യുന്നതിനായി നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സഹകരിക്കുന്നില്ലെന്നും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയില്‍ പങ്കാളിയായി അദ്ദേഹം സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി വിശദമായ ചോദ്യം ചെയ്യലിന് ഇബ്രാഹം കുഞ്ഞിനെ വിധേയമാക്കേണ്ടതുണ്ടെന്നും വിജിലന്‍സ് ഇതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗുഢാലോചനയാണ് അറസ്റ്റിന് പിന്നില്‍. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.
കരാര്‍ അനുവദിക്കുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞ് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ചന്ദ്രിക ദിനപത്രത്തിന് നല്കിയ നാലര കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നാണെന്ന് ചോദിച്ച കോടതി ഈ വലിയ തുകയെ കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നുണ്ടെന്നും വ്യക്തമാക്കി.
ഇബ്രാഹിംകുഞ്ഞ് വൈസ് ചെയര്‍മാനായ റോഡ് ഫണ്ട് ബോര്‍ഡില്‍നിന്നാണ് പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിനായി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് പണം അനുവദിച്ചത്. ഫണ്ടിങ് ഏജന്‍സിയായ റോഡ് ഫണ്ട് ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മന്ത്രിക്ക് ഒഴിയാനാകില്ല. ഇത് കൂടാതെ ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ മുസ്ലിം പബ്ലിഷിങ് ഹൗസിന് നാലരക്കോടി നല്‍കിയിട്ടുണ്ട്. ചന്ദ്രികയുടെ അച്ചടി കേന്ദ്രമാണ് ഇത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതാണെന്നും. വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഇപ്പോഴും ആശുപത്രിയില്‍ തുടരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാനും വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്കി. ബോര്‍ഡ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബോര്‍ഡില്‍ അംഗമായിരിക്കണം. ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കോടതി നാളെ വാദം കേള്‍ക്കും.
അതിനിടെ കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇബ്രാഹിം കഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡിയില്‍ വിടുന്നത് സംബന്ധിച്ചുള്ള വിജിലന്‍സിന്റെ ഹര്‍ജിയും പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റി. ചൊവ്വാഴ്ച വീണ്ടും വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: