ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ശേഷം കച്ചവടം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കീഴിലുള്ള പലിശരഹിത ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചത് 27 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്‍. ഇതില്‍ 14 ലക്ഷത്തിലധികം അപേക്ഷകള്‍ അനുവദിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
ഏകദേശം 7.8 ലക്ഷം ആളുകള്‍ക്ക് വായ്പാ തുക വിതരണം ചെയ്തു. 773.6 കോടി രൂപയാണ് ഇതുവരെ നല്‍കിയത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധിയെന്ന ചെറുകിട വായ്പാ പദ്ധതിയിലൂടെയാണ് ഇത്രയും പേര്‍ക്ക് തുക വിതരണം ചെയ്തത്. പദ്ധതിയനുസരിച്ച്, ലോക്ഡൗണിന് ശേഷം സ്വന്തം സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന തെരുവ് കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10,000 രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
കോവിഡും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ തെരുവ് കച്ചവട സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണിത്. പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നുമുണ്ട്. 50നും-60 ലക്ഷത്തിനുമിടയില്‍ തെരുവ് കച്ചവടക്കാര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അടുത്തിടെ, മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: