ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ ഓരോ ബൂത്തിലും ഒന്നിലധികം വോട്ടിംഗ് മെഷീനുകള്‍ നല്‍കും.
പോളിംഗിന് ഉപയോഗിക്കുന്ന യന്ത്രം തകരാറിലായാല്‍ പകരം യന്ത്രം എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയില്ലായെന്നതിനാലാണ് ഓരോ ബൂത്തുകള്‍ക്കും നാല് മെഷീനുകള്‍ വീതം അനുവദിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന് പറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് മെഷീനുകളാണ് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ വോട്ടെടുപ്പ് നിലയ്ക്കും, വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.
പോളിംഗ് സംബന്ധമായ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ പോലുള്ള സംവിധാനങ്ങള്‍ ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുമെന്നും കളക്ടര്‍. ഇതുപയോഗിച്ച് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറാനാകും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കളക്ട്രേറ്റിലും സബ് കളക്ടറുടെ ഓഫീസിലും ലഭ്യമാകും.
കഴിഞ്ഞ മഴക്കാലത്ത് പെട്ടിമുടിയില്‍ നിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതില്‍ ഇഡ്ഡലിപ്പാറക്കുടി വരെയുള്ള റോഡ് മാത്രമാണ് ഭാഗീകമായി പുനര്‍നിര്‍മിച്ചത്. ഇഡ്ഡലിപ്പാറക്കുടി മുതല്‍ സൊസൈറ്റിക്കുടി വരെയുള്ള റോഡ് നിര്‍മാണം തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
2010 നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രസിഡന്റുപദം ഇത്തവണ വനിതാ സംവരണമാണ്.
അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ഇടമലക്കുടിയില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15.74 ശതമാനമാണ് പോളിംഗ് കുറഞ്ഞത്. കണക്കുകള്‍ പ്രകാരം ഇടമലക്കുടിയിലെ 13 ബൂത്തുകളിലായി 1909 വോട്ടര്‍മാരുള്ളതില്‍ 1069 പേര് മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. അതേ സമയം ബിജെപിയ്ക്ക് 12 വാര്‍ഡിലും ഇവിടെ സ്ഥാനാര്‍ത്ഥിയായി. മികച്ചൊരു മത്സരമാണ് ഇവിടെ പാര്‍ട്ടി ലക്ഷ്യവെയ്ക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: