ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇടപടെലില്‍ കൈവിട്ടുപോയെന്ന് വിചാരിച്ച എയിംസ് മെഡിക്കല്‍ സീറ്റ് ഫോര്‍ട്ടുകൊച്ചി സ്വദേശി ഫര്‍ഹീന് തിരികെകിട്ടി. പ്രോസ്‌പെക്ടസില്‍ ഇല്ലാത്ത സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിയാണ് ഒബിസി ക്വാട്ടയിലെ പത്താം റാങ്കുകാരിയായ ഫര്‍ഹീന് എയിംസ് അധികൃതര്‍ ആദ്യം സീറ്റ് നിഷേധിച്ചത്. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പെട്ട അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന് കത്തെഴുതി. മന്ത്രി എയിംസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സീറ്റ് അനുവദിക്കുകയായിരുന്നു.
അഡ്മിഷന്‍ സമയത്ത് സംഭവിച്ചതിങ്ങനെ: പത്താം തീയതി ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാണ് 11ന് ഫര്‍ഹീന്‍ എയിംസില്‍ അഡ്മിഷന് എത്തിയത്. കാലാവധി തീര്‍ന്നിട്ടില്ലാത്ത ഒരുവര്‍ഷത്തിനകം ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നായിരുന്നു പ്രോസ്‌പെക്ടസ് പ്രകാരമുള്ള നിര്‍ദേശം. അഞ്ചിന് മുമ്പുള്ളതായിരുന്നുവെങ്കില്‍ പരിഗണിക്കാമായിരുന്നുവെന്നും അഡ്മിഷന്‍ നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇനി അഡ്മിഷന് സീറ്റ് ക്യാന്‍സലേഷല്‍ അനുവദിച്ചുള്ള കത്തും ഫര്‍ഹീനില്‍നിന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പോസ്‌പെക്ടസിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് അടുത്ത അലോക്കേഷന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കി. പിന്നാലെ സീറ്റ് ക്യാന്‍സലായെന്ന സന്ദേശം ഫോണിലെത്തി. ഒറ്റയ്‌ക്കായിരുന്നു അഡ്മിഷനായി ഡല്‍ഹില്‍ എത്തിയിരുന്നത്. ഫോണിലെത്തിയ സന്ദേശം കൂടി കണ്ടതോടെയാണ് നമ്പര്‍ സംഘടിപ്പിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തെ ബന്ധപ്പെട്ടത്. വീട്ടിലെ സാഹചര്യങ്ങളും അഡ്മിഷന്‍ വിവരങ്ങളും പറഞ്ഞതോടെ സഹായിക്കാമെന്ന് കണ്ണന്താനം ഏറ്റു.
തുടര്‍ന്നാണ് കത്തിലൂടെ മന്ത്രിയെ ബന്ധപ്പെട്ടതും അഡ്മിഷന് വഴിയൊരുങ്ങുന്നതും. അഡ്മിഷന്‍ ശരിയായിട്ടുണ്ടെന്ന് അറിയിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇ മെയില്‍ കിട്ടിയെന്നും അദ്ദേഹം തന്നെ വിമാന ടിക്കറ്റും അയച്ചു നല്‍കിയെന്നും ഓണ്‍ലൈന്‍ മാധ്യമത്തോട് ഫര്‍ഹീന്‍ പ്രതികിരിച്ചു. നാളെ എയിംസിലേക്ക് ഒപ്പം വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഫര്‍ഹീന്‍ കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ട്‌കൊച്ചി വെളി കിഴക്കേവീട്ടില്‍ കെ.കെ.സഹീറിന്റെയും ഷംലയുടെയും മകളാണ് ഫര്‍ഹീന്‍.
ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഫര്‍ഹീനെയും സഹോദരനെയും മെഡിക്കല്‍ ഷോപ്പിലെ ജോലിയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് അമ്മ പഠിപ്പിച്ചത്. എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 66-ാം റാങ്കു ലഭിച്ച ഫര്‍ഹീന്‍ ഒബിസി ക്വാട്ടയില്‍ 10ാം സ്ഥാനത്തെത്തുകയായിരുന്നു. കൗണ്‍സിലിംഗ് സമയത്ത് ഒബിസി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് എയിംസ് പ്രോസ്‌പെക്ടസിലും അലോട്ട്‌മെന്റ് കത്തിലും നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായതോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് കണ്ണന്താനം പ്രതികരിച്ചു.
മന്ത്രി ഇന്നലെ എയിംസ് അധികൃതരെ വിളിച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് സര്‍ട്ടിഫിക്കറ്റിന് പ്രശ്‌നമില്ലെന്ന് അറിയിച്ചതോടെയാണ് എയിംസ് അധികൃതര്‍ വഴങ്ങിയത്. മുന്‍പരിചയമില്ലാത്ത ഒരാളെ ഈ രീതിയില്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: