തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവര്‍ തന്നെയാണ് കിഫ്ബി പിയര്‍ ഓഡിറ്റിങ്ങും നടത്തിയതെന്ന് റിപ്പോര്‍ട്ട്. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന് പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിക്കായും ഓഡിറ്റിങ് നടത്തിയത്. ലൈഫ് മിഷന് കേസിലെ പ്രതികള്‍ക്കും വേണുഗോപാലുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ടും ആരോപണം ഉയരുന്നത്.
കിഫ്ബിയുടെ 38-ാം ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. ഇതില്‍ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയര്‍ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി പറയുന്നു. കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായി സൂരി ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനത്തെയാണ് നിയമിച്ചത്. ഈ കമ്പനിയുമായി ബന്ധമുള്ള ആളാണ് വേണുഗോപാല്‍. സ്വകാര്യമാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എം. ശിവശങ്കറും വേണുഗോപാലും തമ്മില്‍ അടുത്ത ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഐടി സെക്രട്ടറി ആയിരിക്കേ ശിവശങ്കര്‍ ടെക്നോപാര്‍ക്കിലെ ഓഡിറ്റിങ് ചുമതലയും ഈ സ്ഥാപനത്തിനാണ് നല്‍കിയത്. നിലവില്‍ ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ല. ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങള്‍ സ്വന്തം ഓഡിറ്റിങ് പ്രവര്‍ത്തികള്‍ വിലയിരുത്താനാണ് പിയര്‍ റിവ്യൂ ഓഡിറ്റിങ് നടത്തുന്നത്. അതുകൊണ്ടുതന്നെ കിഫിബിയുടെ പിയര്വ്യൂ ഓഡിറ്റിങ്ങിനായി ഒരു കമ്പനിയെ നിയമിച്ചത് എന്തിനാണെന്നും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: