ബീഹാറില്‍ നാലാമതും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്കുമാറിന് മുന്നില്‍ വെല്ലുവിളികളില്ല. അടിസ്ഥാന വര്‍ഗത്തിന്റെ അവശതകളും ആവലാതികളും പരിഹരിക്കാന്‍ നിതീഷിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹകരണം ഉറപ്പാണ്. ജാതി-മത വര്‍ഗീയ പ്രീണന രാഷ്ട്രീയത്തോട് വിടപറഞ്ഞ് വികസനത്തിന്റെ പുതിയ ചക്രവാളം തുറക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേന്ദ്രപിന്തുണയോടെ നടന്ന വികസനം വിസ്മയകരമാണ്. അതിന്റെ ഒന്നാന്തരം തെളിവാണ് മഹാത്മാഗാന്ധി സേതു. 38 വര്‍ഷമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാതെ തകര്‍ച്ചയുടെ വക്കിലെത്തിയ സേതു പുനര്‍നിര്‍മാണം ജനങ്ങള്‍ക്കാകെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. വടക്ക്-കിഴക്ക് ബീഹാറുകളെ ബന്ധിപ്പിക്കുന്ന പാട്നയിലെ 5575 മീറ്റര്‍ നീളമുള്ളതാണ് പാലം. 1742 കോടിയാണ് ഇതിന് ചെലവായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്കുന്ന പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത് രണ്ടരവര്‍ഷം കൊണ്ടാണ്. ബീഹാറിന്റെ ജീവനാഡിയാണ് ഈ പാലമെന്നതില്‍ തര്‍ക്കമില്ല. നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രവും നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായ സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്തപ്പോഴാണ് ആശാവഹമായ പുരോഗതി ബീഹാറിന് ഉണ്ടായത്.
ഒരുകാലത്ത് കാട്ടുനീതി നടപ്പായ സംസ്ഥാനമാണ് ബീഹാര്‍. പാട്ന റെയില്‍വെ സ്റ്റേഷന് പണയപ്പെടുത്തി കോടികള്‍ കൈക്കലാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു ജഗന്നാഥമിശ്ര. 1000 കോടിയുടെ കാലിത്തീറ്റ കൊള്ളയടിച്ച മുഖ്യമന്ത്രിയായിരുന്നു ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവ്. എന്നാല്‍, ബീഹാറില്‍ ലാലുവിന്റേയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഴിമതിക്കെതിരെ സമരത്തിനിറങ്ങിയ സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ്. ജയപ്രകാശ് നാരായണന് നയിച്ച ലോക് സംഘര്‍ഷ സമിതിയുടെ യുവനേതൃത്വം ദേശീയതലത്തിലേക്കുയര്‍ന്നു. യുവ ലോകദളിന്റെ ദേശീയ നേതാവായി വളര്‍ന്ന നിതീഷ് നിയമസഭയിലും തുടര്‍ന്ന് ലോക്സഭയിലുമെത്തി.
ബീഹാര്‍ ജനസംഖ്യയില്‍ രണ്ടുശതമാനം പോലും ഇല്ലാത്ത കുര്‍മി വിഭാഗത്തില്‍ ജനിച്ച നിതീഷ്, ജാതിബലംകൊണ്ട് ശക്തിപ്പെട്ട നേതാവല്ല. കര്‍മ്മം കൊണ്ടും ആദര്‍ശനിഷ്ഠയാലും ജനസ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി. സത്യസന്ധനായ മുഖ്യമന്ത്രിയും ജനസേവകനായ സാരഥിയുമെന്ന ഖ്യാതി ബീഹാറില്‍ മാത്രമല്ല രാജ്യത്താകമാനം നേടിയെടുക്കാനായി. തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് ആദ്യകാലത്ത് നരേന്ദ്രമോദിയോട് അകലം പാലിച്ച നേതാവാണ് നിതീഷ്കുമാര്‍. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നരേന്ദ്രമോദി വരേണ്ടതില്ല എന്ന് പറയാന്‍ പോലും അദ്ദേഹം തയ്യാറായി. തെറ്റിദ്ധാരണ മാറ്റാന്‍ നരേന്ദ്രമോദി വാക്കുകള്‍ കൊണ്ട് ഒന്നും ചെയ്തില്ല. പക്ഷേ, കര്‍മ്മം കൊണ്ടും പെരുമാറ്റം കൊണ്ടും അധഃസ്ഥിതരോടുള്ള അനുകമ്പ കൊണ്ടും നിതീഷ് കുമാറിന്റെ മനസ്സ് മാറ്റി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്രമോദി ബീഹാറിലെത്തുന്ന തീയതിക്കുവേണ്ടി കാത്തുനില്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി നിതീഷിനോട് അകലം പാലിച്ചതുകൊണ്ട് കൂടുതല്‍ സീറ്റുനേടുന്നതില്‍ നേരിയ ക്ഷീണമുണ്ടായി. എങ്കിലും നാലാമതും മുഖ്യമന്ത്രിയായി നിതീഷിന് സഹായമായത് ബിജെപി നേടിയ 74 സീറ്റുകളാണ്. 43 സീറ്റുകളേ നിതീഷിന്റെ ജെഡിഎസിന് നേടാനായുള്ളൂ. നിതീഷ് പിന്നിലായപ്പോള്‍ ബിജെപി വിരുദ്ധരായ രാഷ്ട്രീയ ചാണക്യന്മാരും മാധ്യമങ്ങളും പ്രകടിപ്പിച്ച ബിജെപി പ്രണയം അത്ഭുതാവഹമായിരുന്നു. മുന്നണിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടതാണെന്ന് പറഞ്ഞവര്‍ തന്നെ നിതീഷ് പാവമുഖ്യമന്ത്രിയാകുമെന്ന് കൊട്ടിപ്പാടി. കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ പരദേശ പ്രതിനിധികളായ ഏഷണിക്കാര്‍ അതിന്റെ ചുക്കാനേന്തി.
ഇതിലൊന്നും നിതീഷോ ബിജെപിയോ വീണില്ല. നിതീഷ് നാലാമതും മുഖ്യമന്ത്രിയാകുന്നതിന് ദൃക്സാക്ഷികളാകാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമെത്തി. എന്നാല്‍ അധികാരമോഹത്താല്‍ ജനാധിപത്യമര്യാദകളോട് ഗുഡ്ബൈ പറഞ്ഞ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുകക്ഷികളും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.
പാട്നയില്‍ നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസുകാരുടെ കലഹം മുറുകുകയായിരുന്നു. തങ്ങളുടെ തട്ടകമായ ബീഹാറില്‍, പല മണ്ഡലങ്ങളിലും കെട്ടിവച്ച കാശുപോലും നഷ്ടമായതെങ്ങനെ എന്ന ചോദ്യമാണുയര്‍ന്നത്. കേന്ദ്ര നേതൃത്വത്തില്‍ പ്രബലനായ കപില്‍ സിബല്‍ തന്നെ കലഹത്തിന്റെ താക്കോല്‍ സ്ഥാനത്തായിരുന്നു.
ബീഹാറില്‍ മൂന്നാംമുന്നണി ഉണ്ടാക്കുന്നതിന് സാഹചര്യമൊരുക്കിയത് കൂടുതല്‍ സീറ്റ് വാങ്ങിയ കോണ്‍ഗ്രസാണെന്ന ആരോപണവും ഇടതുപക്ഷമടക്കം നിലവിളിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പമായിരുന്നു സിപിഎമ്മും സിപിഐയും നക്സലുകളും മത്സരിച്ചത്. ഇവിടെ നക്സലുകളെ വേട്ടയാടുകയാണ് ഇടതു ഭരണമെന്ന വിചിത്ര നിലപാടുമുണ്ട്. മൂന്നാം മുന്നണി ഹൈദരാബാദിലെ ഒവൈസിയും എസ്ഡിപിഐയും അടക്കമുള്ള വര്‍ഗീയ പാര്‍ട്ടികളാണ്. അവര്‍ക്കുവേണ്ടി കുറഞ്ഞ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മതിയെന്നായിരുന്നു സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്.
നിതീഷ് കുമാര്‍ 1951 മാര്‍ച്ച് 1 ന് ബീഹാറിലെ ബക്തിയാര്‍പൂരിലാണ് ജനിച്ചത്. പിതാവ് കവിരാജ് റാം ലഖാന് സിംഗ് ആയുര്‍വേദ പരിശീലകനായിരുന്നു; പരമേശ്വരി ദേവി ആയിരുന്നു അമ്മ.
1972 ല്‍ ബീഹാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (ഇപ്പോള്‍ എന്‍ഐടി പാട്ന) മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. അര്‍ദ്ധമനസ്സോടെ ബീഹാര്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് മാറി. 1973 ഫെബ്രുവരി 22 ന് അദ്ദേഹം മഞ്ജു കുമാരി സിന്‍ഹയെ (19552007) വിവാഹം കഴിച്ചു. ഒരു മകനുണ്ട്. ന്യുമോണിയ ബാധിച്ച്, 2007 മെയ് 14 ന് മഞ്ജു സിന്‍ഹ ന്യൂദല്‍ഹിയില്‍ അന്തരിച്ചു.
വ്യാപകമായ അഴിമതി, കുറ്റകൃത്യങ്ങള്‍, ദുരുപയോഗം എന്നിവയില്‍ നിന്ന് ബീഹാറിനെ മുക്തമാക്കിയ നിതീഷിന്റെ സര്‍ക്കാരിനെ സംസ്ഥാനം ഇന്ന് പ്രശംസിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ലക്ഷക്കണക്കിന് അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തി, നിരവധി ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചു, റോഡുകളുണ്ടാക്കി, സ്ത്രീകളുടെ സാക്ഷരതാ നിലവാരം ഉയര്‍ത്തി, കുറ്റവാളികളെ അടിച്ചമര്‍ത്തി. ശരാശരി ബീഹാരിയുടെ വരുമാനം വര്‍ധിപ്പിച്ചു.
2014 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2014 മെയ് 17 ന് കുമാര്‍ രാജിവച്ചു, അദ്ദേഹത്തിന് ശേഷം ജിത്താന്‍ റാം മഞ്ജി അധികാരമേറ്റു. എന്നിരുന്നാലും, ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തി, 2015 നവംബറിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2016 ഏപ്രില്‍ 10 ന് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2017 ജൂലൈ 26 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) യുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പ്രതിപക്ഷമായിരുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ചേര്‍ന്നു, നിയമസഭയില്‍ ഭൂരിപക്ഷം നേടി. അടുത്ത ദിവസം അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്നു നിതീഷ്. റെയില്‍വെയില്‍ നിരവധി പരിഷ്കാരങ്ങള്‍ നടത്തി. ട്രെയിന്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി സ്ഥാനം അദ്ദേഹം ഒഴിയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: