തൃശൂര്‍: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരില്‍ നിര്‍മ്മിച്ച് നല്കുന്ന പതിനേഴ് വീടുകളുടെ താക്കോല്‍ദാനം നാളെ നടക്കും. പതിനേഴ് വിശിഷ്ട വ്യക്തികള്‍ വീട്ടുകാര്‍ക്ക് താക്കോല്‍ കൈമാറും. 2018 ആഗസ്ത് 18നുണ്ടായ ഉരുള്‍പൊട്ടലിലാണ് കൊറ്റമ്പത്തൂരിലെ 37 വീടുകള്‍ തകര്‍ന്നത്. നാല്പേര് മരിക്കുകയും ചെയ്തു.
പുനരധിവാസത്തിന്റെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയാണ് വീടുകള്‍ പണിത് നല്‍കുന്നത്. പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നല്കി. മറ്റ് വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ വീട് പണിത് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സേവാഭാരതി 37 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കാന്‍ തയാറായിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ചിലര്‍ മറ്റ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം ഒന്നരക്കോടി രൂപയോളം ചെലവായി.
രണ്ടാം ഘട്ടമെന്ന നിലക്ക് കൊറ്റമ്പത്തൂര്‍ ഗ്രാമത്തെയാകെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികാസ പദ്ധതികളാണ് സേവാഭാരതി ആവിഷ്കരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകള്‍, യുവാക്കള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ , വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും തുടര്‍പദ്ധതിയുടെ ഭാഗമാണ്.
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ പുനര്‍ജനി പദ്ധതി വഴി സേവാഭാരതി ആയിരത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകള്‍ ഉള്‍പ്പെടെ 64 വീടുകളാണ് ഇനി കൈമാറാന്‍ അവശേഷിക്കുന്നത്. ഡിസംബറിന് മുന്‍പായി ഈ വീടുകളും കൈമാറുമെന്നും സേവാഭാരതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: