തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത് ഭരണഘടനാ ലംഘനവും നിയമസഭാ അവകാശ ലംഘനവും. സിഎജി റിപ്പോര്‍ട്ടിന്റെ കരട് എന്ന് പറഞ്ഞ് ചോര്‍ത്തിയത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) ഒപ്പിട്ട് ഗവര്‍ണര്‍ക്ക് നല്കാന് സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടെന്ന് സൂചന.
‘കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നെവെന്ന്’ സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. സിഎജി തയാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചു നല്‍കും. മറുപടി നല്കാന് 42 ദിവസം സമയം നല്‍കും. അതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു.
അനുമതി കിട്ടുന്ന റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യും. പിന്നീട് ദല്‍ഹിയില്‍ എത്തിച്ച് സിഎജിയെക്കൊണ്ട് ഒപ്പുവയ്പ്പിക്കും. അതില്‍ രണ്ടെണ്ണം ഗവര്‍ണര്‍ക്ക് കൈമാറാന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കും. ഇതാണ് നിയമസഭയില്‍ വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തോടെ പിന്നീട് സ്പീക്കര്‍ക്ക് അയയ്ക്കുന്നത്. ഇത് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ മാത്രമാണ്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള റിപ്പോര്‍ട്ട് ധനകാര്യ വകുപ്പ് ചോര്‍ത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിയമവും തോമസ് ഐസക് ലംഘിച്ചു. നിയമസഭയുടെ അവകാശ ലംഘനമാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകളെ സംബന്ധിച്ച വിശകലനമാണ് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ ചാപ്ടര്‍ ഒന്നിലുള്ളത്. അത്തരം പരാമര്‍ശം സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സംസ്ഥാനം എല്ലാ പരിധിയും ലംഘിച്ച് കടമെടുത്തു എന്നതാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം പോലും നഷ്ടമായി എന്നാണ് സൂചനയെന്നും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
കിഫ്ബി അഴിമതിയില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ് തോമസ് ഐസക്കിന്റേത്. 293(1) എന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിയന്ത്രണം സംബന്ധിച്ചുള്ള വകുപ്പാണ്. ഇത് ലംഘിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട് വന്നാല്‍ തോമസ് ഐസക്കിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ക്കുള്ള തിരിച്ചടി തെളിയും. അതില്‍ നിന്നു രക്ഷപ്പെടാനാണ് സിഎജി റിപ്പോര്‍ട്ടില്‍ വരുന്നത് ഇങ്ങനെയാണെന്ന് മുന്‍കൂട്ടി പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: