ന്യൂദല്‍ഹി: ബിഹാറില്‍ മാത്രമല്ല, രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലും ജനങ്ങള്‍ ബിജെപിക്ക് ഫലപ്രദമായ ബദലായി കോണ്‍ഗ്രസിനെ കണ്ടില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഇന്ത്യന്‍ എക്സപ്രസിനു നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ മനസ്സു തുറന്നത്.
പറയാന്‍ വേദിയില്ലാത്തതു കൊണ്ടാണ് പരസ്യമായി പറയുന്നതെന്നും താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ ആര്.ജെ.ഡിയാണ് ബദലായി ഉയര്‍ന്നുവന്നത്. ഗുജറാത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിലും അവിടെ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 20 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഗുജറാത്തില്‍ മുന്നാ നാലോ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോയി. ആത്മപരിശോധന നടത്തണമെന്ന് ഇപ്പോള്‍ ചില നേതാക്കള്‍ പറയുന്നുണ്ട്. ആറുവര്‍ഷമായി കോണ്‍ഗ്രസ് സ്വയം പരിശോധന നടത്തിയില്ലെങ്കില്‍ ഇനിയെന്ത് പ്രതീക്ഷയാണുള്ളത്. എല്ലാ ചോദ്യങ്ങളുടേയും ഉത്തരം കോണ്‍ഗ്രസിനറിയാം. എന്നാല്‍ ഉത്തരങ്ങള്‍ അംഗീകരിക്കാന്‍ തയാറാകുന്നില്ല. ഇനിയും ഇത് തുടര്‍ന്നാല്‍ ഗ്രാഫ് താഴോട്ടുതന്നെ പോകും-കപില്‍ സിബല്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിച്ച് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നാണ് കാര്‍ത്തിയുടെ ട്വീറ്റ്. കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: