ലിസ്ബണ്‍: നിലവിലെ ചാമ്പ്യന്മാരും സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ടീമുമായ പോര്‍ച്ചുഗലിനെ വീഴ്ത്തി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍സില്‍ സ്ഥാനമുറപ്പിച്ചു. ആവേശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയം നേടിയത്. മിഡ്ഫീല്‍ഡര്‍ കാന്റേയാണ് വിജയഗോള്‍ നേടിയത്.
ഈ തോല്‍വിയോടെ, കിരീടം നിലനിര്‍ത്താമെന്ന പോര്‍ച്ചുഗലിന്റെ സ്വപ്നം തകര്‍ന്നു. അതേസമയം ഫ്രാന്‍സ് നാലു ടീം ഉള്‍പ്പെടുന്ന ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചു. 54-ാം മിനിറ്റിലാണ് കാന്റേ നിര്‍ണായക ഗോള്‍ നേടിയത്. ഫ്രാന്‍സിനായി നാല്‍പ്പത്തിനാലാം മത്സരം കളിച്ച കാന്റേയുടെ രണ്ടാം ഗോളാണിത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. പക്ഷെ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
അറുപതാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില നേടിയെന്ന് തോന്നി. എന്നാല്‍ പ്രതിരോധതാരം ജോസ് ഫോണ്ടിയുടെ ഹെഡ്ഡര്‍ പുറത്തേക്ക് പറന്നു. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ ജാവോ മൗണ്ടിനോയുടെ ഷോട്ട് ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി.
ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തം തട്ടകത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് മികവ് കാട്ടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഞങ്ങളാണ് കളിച്ചതെന്ന് പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍നാന്‍ഡോ സാന്റോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: