കിഫ്ബി സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിവാദം ഏറെ ഗൗരവമുള്ളതും സശ്രദ്ധം വീക്ഷിക്കപ്പെടേണ്ടതുമാണ് എന്നതാണ് യാഥാര്‍ഥ്യം. എങ്ങിനെ ഒരു സംവിധാനത്തെ ദുരുപയോഗം ചെയ്യാമെന്ന് കേരള സര്‍ക്കാര്‍ കാണിച്ചുതന്നത് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ നടത്തിവരുന്ന അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ടല്ലോ. വിദേശ സഹായം, വിദേശ ഫണ്ടിങ് അങ്ങിനെ പലതും. വിദേശത്തുനിന്ന് ലഭിച്ച പണം റെഡ് ക്രെസെന്റ് പോലുള്ള ഏജന്‍സികളിലൂടെ ഇവിടെ കൊണ്ടുവരികയും അത് തന്നിഷ്ടപ്രകാരം ദുരുപയോഗം ചെയ്യുകയും ചെയ്തത് ഇതിനകം തെളിഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ പരസ്യമാക്കിക്കഴിഞ്ഞു. അതിനൊപ്പമാണ് കിഫബിയിലെ ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ വെളിച്ചം കാണുന്നത്. നാളെ, ഒരു പക്ഷെ, കേന്ദ്ര ഏജന്‍സികള്‍ ഇതൊക്കെ അന്വേഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അതിശയിക്കാനില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അതുസംബന്ധിച്ച ചില സൂചനകള്‍ നല്കിക്കഴിഞ്ഞല്ലോ. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ് എന്നര്‍ത്ഥം.
കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്നം. അത് എല്ലാ സര്‍ക്കാരുകളും അഭിമുഖീകരിച്ചിരുന്ന പ്രശ്നമാണ്. കേന്ദ്രം അഥവാ പാര്‍ലമെന്റ് നിശ്ചയിച്ചിട്ടുള്ള വായ്പാ പരിധിക്കുള്ളില്‍ നില്ക്കേണ്ടിവരുമ്പോള് സ്വാഭാവികമായും ചില പ്രശ്നങ്ങളുണ്ടാവും. അതിനുപരിഹാരം കേരളത്തിന്റെ തനത് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന വസ്തുത പക്ഷെ പരിഗണിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും ഇടത് വലത് സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ ജിഎസ്ടി -യുടെ കാര്യമെടുക്കാം. ദേശവ്യാപകമായ ഒരു നികുതി നിയമം ഇവിടെ നടപ്പിലാക്കിയിട്ട് മൂന്ന് വര്‍ഷമായി. ഒട്ടെല്ലാ സംസ്ഥാനങ്ങളും നികുതി പിരിവില്‍ വര്‍ധന ഉണ്ടാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തി. അവരൊക്കെ അക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോകുകയും ചെയ്തു.
എന്നാല്‍ കേരളമോ? എന്തോ ഒരു പ്രതികാര ബുദ്ധിയോടെയാണ് കേരളം ഇപ്പോഴും കേന്ദ്രത്തോട് പെരുമാറുന്നത് എന്ന് ആര്‍ക്കും തോന്നുകയില്ലേ. എന്തിനിപ്പോള്‍ നികുതി കൂട്ടണം, അതില്ലെങ്കിലും കേന്ദ്രം നല്കിയ ഉറപ്പ് പാലിക്കപ്പെടുമല്ലോ; അതായത് കേന്ദ്രം കൊടുക്കുമല്ലോ എന്ന ചിന്ത. കേന്ദ്രം തരട്ടെ, തങ്ങള്‍ കൂടുതലായി പിരിച്ചുകൊടുക്കേണ്ടതില്ല എന്ന സമീപനം. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം പഴയ സംസ്ഥാന സെയില്‍സ് ടാക്സ് വകുപ്പില്‍ എത്രയോ പേര്‍ക്ക് വേണ്ടത്ര ജോലിയില്ല; അവരെ വേണ്ടവിധം നിയോഗിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ പ്രതിസന്ധി കുറെയൊക്കെ മാറിയേനെ എന്ന് കരുതുന്നവരുണ്ടല്ലോ. ആ ജീവനക്കാര്‍ പുറത്തിറങ്ങി വേണ്ട ജോലി ചെയ്തിരുന്നുവെങ്കില്‍ നികുതി തട്ടിപ്പ് കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നില്ലേ. അതിന്റെ പ്രയോജനം കേരളത്തിനല്ലേ ലഭിക്കുക?
പ്രശ്നം ഭരണഘടനാപരം
കിഫ്ബിക്കായി വായ്പയെടുത്തതിനെ സിഎജി അപകടകരം എന്ന നിലക്കാണ് കാണുന്നത്. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം- 293 വായിച്ചിട്ടുള്ള എല്ലാവര്ക്കും അക്കാര്യം ബോധ്യപ്പെടും. സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാനുള്ള അധികാരങ്ങള്‍ സംബന്ധിച്ചാണ് ഈ അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ വേണമെന്ന പ്രശ്നം ഭരണഘടനാ നിര്‍മ്മാണ സഭ പോലും ഗൗരവത്തിലെടുത്തു എന്നത് ചെറിയ കാര്യമല്ലല്ലോ. അക്കാലത്ത് ഇന്നത്തെ പോലെ വിദേശ നിക്ഷേപമോ വിദേശ വായ്പയോ ഒന്നും പ്രശ്നമേ ആകുമായിരുന്നില്ല. എന്നിട്ടും ഇക്കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ചിന്തിച്ചുവെങ്കില്‍ അവരെ പൂജിക്കുകയല്ലേ വേണ്ടത്. എച്ച് വി കമ്മത്ത് അന്ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആവശ്യപ്പെട്ടത് വായ്പ നിയന്ത്രിക്കാനുള്ള അധികാരം മന്ത്രിസഭക്ക് കൊടുത്തുകൂടാ മറിച്ച് പാര്‍ലമെന്റിന് നല്‍കണമെന്നാണ്; എന്താവശ്യത്തിനാണ് വായ്പ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ വെക്കണം എന്നും. അല്ലെങ്കില്‍ പലരും പരിധിവിട്ട് വായ്പയെടുത്ത് ഇന്ത്യയെ മറ്റൊരു കടക്കെണിയിലേക്ക് മാത്രമല്ല വിദേശാധിപത്യത്തിലേക്ക് പോലും എത്തിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. അതായത് ഈ നിയന്ത്രണം, സംശയം വേണ്ട, രാജ്യതാല്പര്യം മുന്‍നിര്‍ത്തി തന്നെയാണ്,. പരിധിയില്ലാതെ വായ്പയെടുക്കാന്‍ അനുവദിച്ചാല്‍ എന്താവും നമ്മുടെ സമ്പദ്ഘടനയുടെ അവസ്ഥ? ഒന്നോ രണ്ടോ മൂന്നോ സംസ്ഥാനം കടക്കെണിയിലായാലും അത് ആത്യന്തികമായി ഇന്ത്യ മഹാരാജ്യത്തെയല്ലേ ബാധിക്കുക?.
ഈ നിയന്ത്രണത്തെ മറികടക്കുക എന്നതായിരുന്നു കേരളത്തിന്റെ പദ്ധതി. അതിനവര്‍ക്ക് അവരുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കേരളത്തിനുള്ളില്‍ നിന്ന് വായ്പയെടുക്കാം. അതാണ് അനുച്ഛേദം 293 (1 ) പറയുന്നത്. സംശയത്തിനിവിടെ അടിസ്ഥാനമേയില്ല. നോക്കൂ: ‘ ഈ അനുഛേദത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ മണ്ഡലം അപ്പപ്പോള്‍ നിയമം വഴി നിജപ്പെടുത്താവുന്ന പരിധികള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അങ്ങിനെയുള്ള പരിധികള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേല് ഭാരതത്തിന്റെ ഭൂപ്രദേശത്തിനുള്ളില്‍, കടമെടുക്കുന്നതിലേക്കും അപ്രകാരം നിജപ്പെടുത്തിയ അങ്ങിനെയുള്ള ഏതെങ്കിലും പരിധികളുണ്ടെങ്കില്‍ അതിനുള്ളില്‍ ഉറപ്പുകള്‍ നല്കുന്നതിലേക്കും ഒരു സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം വ്യാപിക്കുന്നതാണ്. ഭാരതത്തിന്റെ ഭൂപ്രദേശത്തിനുള്ളില്‍ നിന്ന് എന്ന് വ്യക്തമായി പറയുന്നുണ്ട് എന്നത് നോക്കുക. ഭരണഘടന ഇത്രത്തോളം വ്യക്തമായി പറയുമ്പോള്‍ ഒരു അനുമതിയും കൂടാതെ, ഒരു സംസ്ഥാനത്തിന് വിദേശത്തുനിന്ന്എങ്ങിനെ കടമെടുക്കാനാവും?
ഇനി അനുഛേദം 293 (3)ല്‍ പറയുന്നത് നോക്കൂ: ‘ഒരു സംസ്ഥാനത്തിന് ഭാരത സര്‍ക്കാരോ അതിന്റെ മുന്‍ഗാമി സര്‍ക്കാരോ ആ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള ഒരു കടത്തിന്റെയോ അല്ലെങ്കില്‍ ഭാരത സര്‍ക്കാരോ അതിന്റെ മുന്‍ഗാമി സര്‍ക്കാരോ ഉറപ്പു നല്‍കിയിട്ടുള്ള ഒരു കടത്തിന്റെയോ ഏതെങ്കിലും ഭാഗം അപ്പോഴും കൊടുത്തു തീര്ക്കേണ്ടതായിട്ടുണ്ടെങ്കില് ഭാരത സര്‍ക്കാരിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കടം എടുക്കാവുന്നതല്ല’.
ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമല്ലേ; കേരളത്തിന് ഇന്ത്യക്കുള്ളില്‍ നിന്ന് കടമെടുക്കാം; അതും കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളില്‍ മാത്രം. രണ്ടാമത്തേത്, വിദേശത്തുനിന്ന് കടമെടുക്കാന്‍ കേരളത്തിന് സ്വയമേവ കഴിയുകയില്ല; അത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇവിടെ ഇന്ത്യക്ക് പുറത്തുനിന്നും കിഫ്ബി കടമെടുത്തിട്ടുണ്ട്. അതിന് കേരളത്തിന് അനുമതി ഇല്ല എന്നത് വ്യക്തം. ഇതാണിപ്പോള്‍ സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിഎജി -യുടെ വിമര്‍ശനം പൂര്‍ണ്ണമായും ഭരണഘടനാനുസൃതം എന്നര്‍ത്ഥം.
സിഎജി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കണ്ടെത്തലുകള്‍ ബന്ധപ്പെട്ട സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാറുണ്ട്; അതിന്മേലുള്ള വിശദീകരണം തേടിയശേഷമാണ് അന്തിമ റിപ്പോര്‍ട്ട് കൊടുക്കുക. അതാണ് അവരുടെ നടപടിക്രമം. ഇവിടെയിപ്പോഴുള്ളത് അന്തിമ റിപ്പോര്‍ട്ടാണ് എന്ന് പറയുന്നു. എങ്കില്‍ ഇവിടെ പ്രശ്നം വേറൊന്നാണ്: ആ റിപ്പോര്‍ട്ട് നിയമസഭയിലാണ് സര്‍ക്കാര്‍ ആദ്യം വെക്കേണ്ടത്. അതിനുമുന്‍പ് എങ്ങിനെയാണ് സംസ്ഥാന ധനകാര്യ മന്ത്രി അക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക? അത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്.
മറ്റൊരു ഉദാഹരണം: കൊച്ചി മെട്രോവിന് ജപ്പാനിലെ ബാങ്കിന്റ ധനസഹായമുണ്ട്. അത് എങ്ങിനെയാണ് ലഭിച്ചത്? ജപ്പാന് കുടിവെള്ള പദ്ധതി വേറൊരു ഉദാഹരണം. അതൊക്കെ നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും സമ്മതത്തോടെയുമാണ്. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട് . ഇവിടെ കേരളം ഉദ്ദേശിച്ചത് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നുവെക്കലാണ്. അതിനായി വഴിവിട്ട നീക്കങ്ങള്‍ നടത്തി. ആരുടെയൊക്കെയോ പണം ഇവിടെയെത്തിക്കാന്‍ ശ്രമിച്ചു അതും നാട്ടിലില്ലാത്ത പലിശക്ക്. തീര്‍ച്ചയായും ഗൗരവമുള്ള പ്രശ്നമാണിത്. അടിസ്ഥാനപരമായി സാമ്പത്തിക ക്രമക്കേട്; അതിലേറെ ഭരണഘടനാപരമായ വിഷയവും. ഇത് രണ്ടും ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാണിച്ചു കഴിഞ്ഞിരിക്കുന്നു.
സംശയം കൂടിയതില്‍ തെറ്റ് പറയാനാവുമോ
ഇവിടെ കേരള സര്‍ക്കാരിന്റെ നീക്കങ്ങളില്‍ സിഎജി അടക്കമുള്ളവര്‍ക്ക് ആദ്യമേ സംശയമുണ്ടായെങ്കില്‍ കുറ്റപ്പെടുത്താനാവുമോ? കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്യമെടുക്കൂ. അവിടെ 51 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. പക്ഷെ, അവിടെ സിഎജി ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഉപരോധമേര്പ്പെടുത്തുകയാണല്ലോ ഉണ്ടായത്. സിഎജിയെ അവിടെ കയറ്റില്ലെന്ന് വിളിച്ചുപറഞ്ഞവരില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമുണ്ട്. കിഫ്ബി -യുടെ കാര്യമെടുക്കൂ. അവിടെ ഓഡിറ്റിന് ശ്രമിച്ചപ്പോള്‍ എന്തെല്ലാം തടസ്സവാദങ്ങളുയര്ന്നു. അന്നും സിഎജി -യെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയത് ധനമന്ത്രിയാണ്. എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടായിരുന്നു എന്നതല്ലേ ഇപ്പോള്‍ വ്യക്തമാവുന്നത്. ഇതേ നിലപാടാണല്ലോ പിന്നീട് ചില കേരള പദ്ധതികളുടെ കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവരോടൊക്കെ ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സംശയം വര്‍ധിക്കുന്നു എന്നതാണ് കാണേണ്ടത്. എല്ലാം നേരെയാണ് എങ്കില്‍ എന്തിനാണ് ഈ വെപ്രാളം? ഇപ്പോള്‍ ഈ പണമിടപാട് ഇഡി അന്വേഷിക്കണം എന്ന് ബിജെപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീര്‍ച്ചയായും അന്വേഷിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. സിഎജി പറഞ്ഞത് ശരിയെങ്കില്‍ ഇത് പരസ്യമായ പണം തിരിമറി തന്നെയാണല്ലോ.
തിരുവനന്തപുരത്തെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ രഞ്ജിത്ത് കാര്ത്തികേയന് ഫയല്‍ ചെയ്ത കേസ് ഹൈക്കോടതിയിലുണ്ട്. അദ്ദേഹം കിഫ്ബി പ്രശ്നം ആദ്യമേ മുതലുന്നയിച്ചിരുന്നു എന്നതോര്‍ക്കുക. തീര്‍ച്ചയായും, സിഎജി ഉന്നയിച്ച പ്രശ്നമാണ് കോടതി മുന്‍പാകെ ഉയരുക. ഭരണഘടനാ ദത്തമായ നിയന്ത്രണങ്ങള്‍ കേരളത്തിന് മാത്രം ബാധകമല്ലെന്ന് ആര്‍ക്കാണ് പറയാനാവുക?. എന്തായാലും കോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെ. എന്നാല്‍ അദ്ദേഹത്തിന്റെ വക്കീല്‍ കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടനാണ് എന്നതാണ് സിപിഎം വിവാദമാക്കുന്നത്. മാത്യു കുഴല്നാടന് പങ്കാളിയായ ദല്‍ഹി ആസ്ഥാനമായുള്ള ‘കെഎംഎന്‍പി ലോ’ എന്ന സ്ഥാപനമാണ് കേസ് നടത്തുന്നത്. അത്രേയുള്ളു ഇതില്‍ കാര്യം. ഇതൊക്കെ പറഞ്ഞ് വലിയ ക്രമക്കേട് മറച്ചുവെക്കാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത് ഗതികേടുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: