കോട്ടയം: കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയാണെന്ന് കെ.സിബി.സി.മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിന്റെ ജിഹ്വ പ്രത്യക്ഷമായി വര്‍ഗീയവാദം വിളമ്പുകയും ആ പാര്‍ട്ടി കൊടിയ വര്‍ഗീയവാദികളുമായി കൈകോര്‍ക്കുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യാനികള്‍ ഇനിയും മതേതരത്വത്തിനായി നിലകൊള്ളണമോയെന്നും കെ.സിബിസി ജാഗ്രത കമ്മീഷന് ചോദിക്കുന്നു. ഫാ. ജോഷി മയ്യാറ്റില്‍ ഏഴുതിയ ലേഖനത്തിലാണ് കേരളത്തിലെ ഇരുമുന്നണികള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ജനാധിപത്യരാജ്യത്തില്‍ ധ്രുതഗതിയില്‍ വെറും ഭിക്ഷാംദേഹികളായി ക്രൈസ്തവ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 26 ശതമാനം ഉണ്ടായിരുന്ന ഒരു ജനത ഇന്ന് 18 ശതമാനത്തില്‍ താഴെയായിപ്പോയിട്ടുണ്ടെങ്കില്‍ അത് എത്ര ഗുരുതരമായ അവസ്ഥയാണ്.
നാടിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനായി എപ്പോഴും എവിടെയും ജാഗ്രത പുലര്‍ത്തിയിട്ടുള്ള കത്തോലിക്കാ മെത്രാന്മാരുടെ സമിതിയും ഈ വിഷയത്തില്‍ അസ്വസ്ഥതയിലാണെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കെസിബിസിയുടെ പ്രസ്താവനകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും സുവ്യക്തമാണ്. അഡ്വ. ജയശങ്കറെപ്പോലുള്ള രാഷട്രീയനിരീക്ഷകര്‍ തന്നെയും ക്രൈസ്തവരുടെ ഈ ആശങ്ക ന്യായമാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ളതുമാണ്.
എല്ലാം തങ്ങളുടെ ചൊല്പടിയിലായിരിക്കണമെന്നുള്ള ആത്മീയ നേതൃത്വത്തിലുള്ള ചിലരുടെ നിര്‍ബ്ബന്ധബുദ്ധി, വ്യത്യസ്ത അഭിപ്രായങ്ങള്‍ മുറുകെപ്പിടിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള നേതൃശൈലി, രാഷ്ട്രീയ പ്രവര്‍ത്തനത്തോട് സഭാ സംവിധാനങ്ങള്‍ക്കുള്ള വിമുഖത, സമുദായത്തിനു സമഗ്രമായ വികസനം സാധ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന കഴിവുറ്റ അല്മായ നേതൃത്വത്തിന്റെ അഭാവം തുടങ്ങിയ ചില കാരണങ്ങള്‍ ഇന്നത്തെ ക്രൈസ്തവ സമൂഹത്തിന്റെ സാമുദായികമായ ദുര്‍ഗതിക്ക് പിന്നിലുണ്ട്. വിവേകപൂര്‍വ്വം ചിന്തിച്ച് പരിഹാരം കണ്ടെത്തേണ്ട പ്രതിബന്ധങ്ങളാണ് അവ.
സമുദായത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിരക്ഷ അത്യന്താപേക്ഷിതമാണ്. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ഓര്‍ഡറുകളും കൃത്യമായി പഠിക്കുകയും സമയബന്ധിതമായി താഴെത്തട്ടുകളില്‍ അറിയിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ ഒരുക്കാതെ ഒരു ജനാധിപത്യരാജ്യത്തില്‍ സാമുദായിക വളര്‍ച്ച സ്വപ്നം കാണാനാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാര്യമായെടുക്കാത്ത സമുദായം പിന്നോട്ടടിക്കുക സ്വാഭാവികം മാത്രം. പ്രൈവറ്റു സ്കൂളുകളും പ്രൈവറ്റ് ആശുപത്രികളും പ്രൈവറ്റ് കമ്പനികളും പ്രിയങ്കരമായ ഒരു ജനതയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള വന്‍സാധ്യതകള്‍ നഷ്ടമാകുന്നത് ആകസ്മികമല്ലല്ലോ!
ക്രൈസ്തവ വോട്ടുകള്‍ ചിലര്‍ക്ക് മാത്രം എന്ന പഴഞ്ചന്‍ ചിന്താഗതി മാറണം. തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ ഓരോ പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പ്രഖ്യാപനങ്ങളും അവയുടെ കൃത്യതയും വ്യക്തതയുമാണ് വോട്ടിനുള്ള മാനദണ്ഡമായി തീരേണ്ടതെന്നും അദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: