പട്ന: ബിഹാറില്‍ ജനതാദള്‍ യു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി എന്‍ഡിഎ നിയമസഭാകക്ഷി യോഗം തിരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപി എംഎല്‍എമാരായ തര്‍ക്കിഷോര്‍ പ്രസാദും രേണു ദേവിയും പുതിയ ഉപമുഖ്യമന്ത്രിരാകുമെന്ന് ദേശീയ മാദ്ധ്യമമായ ‘ടൈംസ് നൗ’വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉച്ചയ്ക്ക് പട്നയില്‍ ചേര്‍ന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും എത്തിയിരുന്നു. ഏകകണ്ഠമായാണ് യോഗം നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. യോഗത്തിനുശേഷം നിതീഷ് ഗവര്‍ണര്‍ പാഗു ചൗഹാനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചത്. നാളെ വൈകിട്ട് നാലരയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേകം പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന ശേഷമായിരുന്നു ജെഡിയുവും ബിജെപിയും എന്‍ഡിഎയുടെ നിയമസഭാ കക്ഷിയോഗത്തിനെത്തിയത്. ബിജെപി 74, ജെഡിയു 43 എന്നിങ്ങനെയാണ് ഇരുപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളുടെ എണ്ണം. എട്ടു സീറ്റില്‍ മറ്റു ഘടകകക്ഷികളും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: