ഇടുക്കി: പറമ്പുകളിലും പരിസര പ്രാദേശങ്ങളിലും മറ്റും പാമ്പിനെ കണ്ടാല്‍ ഇനി മുതല്‍ ഉടന്‍ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാന്‍ യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു.
വനംവകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. ഇതിനായി യോഗ്യതയുള്ളവരെ വാര്‍ത്തെടുക്കാന്‍ വനം വകുപ്പ് പാഠ്യ പദ്ധതിയും തയ്യാറാക്കി പഠന ക്ലാസ് തുടങ്ങി. പഠന-പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റന്റ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ് നിര്‍വഹിച്ചു. നോഡല്‍ ഓഫീസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ ക്ലാസ്സ് നയിച്ചു.
ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോര്‍മിറ്ററിയില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ എഴുപതോളം ആളുകള്‍ പങ്കെടുത്തു. പാമ്പുകളുടെ വര്‍ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.
പാമ്പ് പിടിത്തത്തിലേര്‍പ്പെടാന്‍ താല്പര്യമുള്ള 21നും 65 വയസിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുന്‍പരിചയം, പ്രായം, ആരോഗ്യസ്ഥിതി എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ച് വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ‘സര്‍പ്പ’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: