ന്യൂഡല്‍ഹി: പ്രകോപനമില്ലാതെ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്ക് ഹൈക്കമ്മിഷനിലെ ചാര്‍ജ് ദി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇന്ത്യയിലെ ഉത്സവ സമയം തിരഞ്ഞെടുത്തതിനെയും നിയന്ത്രണ രേഖയിലുടനീളം നടത്തിയ ആക്രമണത്തെയും ഇന്ത്യ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കാശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത തുടരുകയാണ്.
ഇനിയും പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച പാക്കിസ്ഥാനന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ 11 പാക്ക് സൈനികരെ വധിച്ചിരുന്നു. മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുന്‍പ് ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സാഹചര്യമൊരുക്കുന്നതിന് വരും ദിവസങ്ങളിലും പാക്കിസ്ഥാന് ഷെല്ലാക്രമണം നടത്തുമെന്നാണ് സുരക്ഷാ സേന കരുതുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന പശ്ചാത്തലത്തില്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചു. ഭൂഗര്‍ഭ അറകളിലേക്കും ജനങ്ങളെ മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: