തിരുവനന്തപുരം: ലൈഫ്മിഷന് പദ്ധതിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തടയിടാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി നടത്തിയ നീക്കത്തിന് തിരിച്ചടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ ശക്തമായ മറുപടി. നിയമസഭാ സാമാജികരുടെ പ്രിവിലേജിലേക്കുള്ള കടന്നു കയറ്റമല്ലെന്നും പദ്ധതിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ഉണ്ടെന്നും ഇ ഡി.
സ്വര്‍ണക്കടത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണം ലൈഫ് മിഷനിലേക്കാണ് എത്തുന്നതെന്നാണ് ഇ ഡിയുടെ മറുപടിയില്‍ സൂചിപ്പിക്കുന്നത്. വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന് സിഇഒയോട് പദ്ധതിയുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം എന്‍ഫോഴ്സ്മെന്റിന് അധികാരം ഉണ്ട്. കൂടാതെ സെക്ഷന്‍ 54ല്‍ അന്വേഷണത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ വിളിച്ചുവരുത്തിയതെന്നും വിശദീകരിക്കുന്നു.
നിയമസഭ സാമാജികരുടെ പ്രിവിലേജിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇ ഡിയുടെ മറുപടിയിലുണ്ട്. സര്‍ക്കാരിന്റെ ഒരു ഏജന്‍സി മാത്രമാണ് ലൈഫ് മിഷന്. അതിനാല്‍ അത് നിയമസഭയെ ബാധിക്കുന്ന പ്രശ്നമല്ല. ലൈഫ് മിഷന് സിഇഒ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. വലിയ സാമ്പത്തിക കുറ്റം നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ തുടര്‍ന്നുള്ള അന്വേഷണത്തോട് സഹകരിക്കണമെന്നുമാണ് ഇ ഡി നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്.
കഴിഞ്ഞ ആറാം തീയതിയാണ് നിയമസഭ എത്തിക്സ് കമ്മിറ്റി ഇ ഡിയോട് വിശദീകരണം തേടിയത്. ലൈഫ് മിഷന് പുറമേ മറ്റ് പദ്ധതികളിലേക്കും അന്വേഷണം നീങ്ങിയതോടെയായിരുന്നു അന്വേഷണം തടസ്സപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. ശിവശങ്കറിനെതിരായ അന്വേഷണം നടത്തുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: