കോഴിക്കോട്: ഘടകക്ഷികളുമായി തര്‍ക്കം തുടരുന്നതിനാല്‍ കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ എല്‍ഡിഎഫ്. വ്യാഴാഴ്ച എല്‍ഡിഎഫ് യോഗത്തിനുശേഷം ജില്ലാ പഞ്ചായത്തിലെയും കോര്‍പറേഷനിലെയും സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തുവിടുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ സിപിഎം വല്ല്യേട്ടന് മനോഭാവം തുടര്‍ന്നതോടെ തീരുമാനമായില്ല. ഇതോടെ ഇന്നലെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എന്നാല്‍, ഇന്നലെയും തീരുമാനമാവാത്തതിനാല്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും കോര്പറേഷന് സ്ഥാനാര്‍ത്ഥി പട്ടിക മാറ്റിവെക്കുകയുമായിരുന്നു.
സിപിഐ, എന്‍സിപി, എല്‍ജെഡി, ഐഎന്‍എല്‍ എന്നീ ഷടകക്ഷികള്ക്കാണ് നിലവില്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. ജെഡിഎസിന് ഒരു സീറ്റുപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ പോലും കിട്ടിയിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തെന്നും ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും ഈ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ജെഡിഎസ് ഒഴികെ മറ്റാരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
സീറ്റ് വിഭജനത്തിലെ അതൃപ്തി വ്യക്തമാക്കി ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. എല്ലാഘട്ടത്തിലും മുന്നണിക്കൊപ്പം നിന്ന പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇനിയും അവഹേളനം സഹിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ നിലപാട്. ജില്ലാപഞ്ചായത്തിലും കോര്‍പ്പറേഷനിലും ഒരുസീറ്റുപോലും നല്‍കിയിട്ടില്ല. വിരലിലെണ്ണാവുന്ന സീറ്റുകളാണ് ജില്ലയില്‍ ഏതാനും ഗ്രാമപഞ്ചായത്തുകളില്‍ നല്‍കിയത്. പാര്‍ട്ടി ഭാരവാഹിത്വമുള്ള സ്ഥാനാര്‍ത്ഥികളോട് സ്വതന്ത്രരായി മത്സരിക്കണമെന്നുമാണ് സിപിഎം നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസ് ജില്ലാ സെക്രട്ടറി കെ. ലോഹ്യ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേരുന്ന അടിയന്തര ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. കോര്‍പറേഷനിലെ നാലു ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്തിലെ നാലു ഡിവിഷനിലേക്കും ഒറ്റയ്ക്ക് മത്സരിക്കാനാണ് ജെഡിഎസിനുള്ളില്‍ ധാരണയായിരിക്കുന്നത്. ഇന്ന് ചേരുന്ന യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കും.
ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവും എല്‍ജെഡി നേതാവും തമ്മിലുള്ള ഗൂഢാലോചനയാണ് സീറ്റുകള്‍ നല്കാതിരിക്കാന് കാരണമെന്നും ജെഡിഎസിനെ ജില്ലയില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ജെഡിഎസ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: