മട്ടാഞ്ചേരി: ഭാരത സംസ്കൃതിയുടെ വാണിജ്യ പുതുവര്‍ഷം സംവത് 2077 ന് ഞായറാഴ്ച തുടക്കമാകും. സംവത്സരിക്ക് മുന്നോടിയായ ‘മൂഹൂര്ത്തക്കച്ചവടം’ ഇന്ന് വൈകിട്ട് നടക്കും. ഇതിന് മുന്നോടിയായി വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ ചൗപട പൂജയും, ആദ്യ കച്ചവടവും നടക്കും. പാരമ്പരാഗത രീതിയെ കൈവിടാതെ ആധുനികതയെ ഉള്‍ക്കൊണ്ടുള്ള സംസ്കൃതിയുടെ വാണിജ്യ മേഖല പ്രതീക്ഷയാണ് മുഹൂര്‍ത്ത വിപണിയെ ശ്രദ്ധേയമാക്കുന്നത്.
ആഗോള ഉദാരവല്‍ക്കരണത്തിന് മുമ്പ് വരെ ഇന്ത്യയിലെ സാമ്പത്തിക കണക്കെടുപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് ദീപാവലി മുതല്‍ ദീപാവലി വരെയെന്നായിരുന്നു. ഘട്ടംഘട്ടമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍, മാര്‍ച്ച് വരെയായി മാറുകയായിരുന്നു. എന്നാല്‍, പഴമയുടെ സംസ്കൃതിയെ കൈവിടാത്തതാണ് ഇന്നും ചൗപട പൂജയും മുഹൂര്‍ത്ത കച്ചവടവും വിപണി കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്.
ശ്രാവണ പൂര്‍ണിമ നാളില്‍ ചരക്കുമായി പത്തേമാരി (വള്ളങ്ങള്‍) യില്‍ പുറപ്പെടുന്ന വ്യാപാരികള്‍ മൂഹൂര്‍ത്ത വിപണികളിലെത്തി ഇടപാടുകള്‍ നടത്തുന്നതാണ് പഴമക്കാരുടെ രീതി. ദീപാവലി നാളില്‍ അമാവാസി ദൈര്‍ഘ്യം കണക്കാക്കിയാണ് മുഹൂര്‍ത്തകച്ചവടം തീരുമാനിക്കുക.
ഇതില്‍ ഒരു യുണിറ്റെങ്കിലും ഇടപാട് നടത്തി ഇന്ത്യന്‍ വ്യാപാരി സമൂഹം മൂര്‍ത്ത വിപണിയെ ഇന്നും സജീവമാക്കുന്നു. വൈകിട്ട് 6 മുതല്‍ 7.30വരെയാണ് മുഹൂര്‍ത്ത കച്ചവടം നടക്കുക. കൊറോണ പ്രതിസന്ധിയില്‍ തളര്‍ന്ന വിപണിക്ക് ഉത്തേജക പാക്കേജുകളും വിപണി ഉണര്‍വും പ്രതീക്ഷയുടെതാകുകയാണെന്ന് വ്യാപാര വാണിജ്യകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായുള്ള കാര്ഷികോല്പന്നങ്ങള് മുതല്‍ സ്വര്‍ണം, വെള്ളിയടക്കം ഓഹരി വിപണി വരെ മൂഹൂര്‍ത്ത കച്ചവടത്തില്‍ സജീവമാകും.
നൂറ്റെമ്പതോളം ഉല്പന്നങ്ങളാണ് മുഹൂര്‍ത്ത വിപണിയില്‍ വില്പനക്കെത്താറ്. മലയാളക്കരയിലെ കുരുമുളക്, മഞ്ഞള്‍, ചുക്ക്, വെളിച്ചെണ്ണ, കൊപ്ര എന്നിവയും മൂഹുര്ത്ത വിപണി ഇനങ്ങളാണ്. സാമ്പത്തിക മാന്ദ്യത്തിലും വാണിജ്യ വര്‍ഷമായ സംവത് 2077 ഉണര്‍വിന്റെയും കുതിപ്പിന്റെയും പ്രതീക്ഷയുടെതായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: