കൊല്ലം: വീണ്ടും തെരഞ്ഞെടുപ്പിനായി കൊല്ലം കോര്പ്പറേഷന് ഒരുങ്ങുമ്പോള്‍ ഉയരുന്നത് അഴിമതിക്കെതിരായ ആയിരം ചോദ്യങ്ങള്‍. മൃഗീയഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഇടത് ഭരണസമിതികള്‍ നഗരത്തില്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നതെന്ന് വ്യക്തം.
നഗരമധ്യത്തില്‍ അവിടവിടെയായി കെട്ടിപ്പൊക്കിയ കൂറ്റന്‍ നടപ്പാലങ്ങളും അശാസ്ത്രീയമായ നഗരപരിഷ്കരണവും പാഴായ സാംബശിവന് സ്ക്വയറും അടക്കം തൊട്ടതെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചതിന്റെ പ്രകടനപത്രികയാണ് ഇടതുമുന്നുണിക്കാകെ ഉള്ളത്. യുഡിഎഫിനാകട്ടെ അഴിമതിയുടെ പങ്ക് പറ്റി മിണ്ടാതിരുന്നത് പിന്തുണച്ചതിന്റെ കഥയും.
അമൃത് പദ്ധതിയില്‍
നഗരവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതിയുടെ നടത്തിപ്പില്‍ വലിയ വീഴ്ചയും ക്രമക്കേടുകളുമാണ് ആരോപിക്കപ്പെടുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്. 253 കോടിയാണ് ആകെ പദ്ധതി തുക. 142 കോടിയുടെ പദ്ധതികള്‍ മാത്രമാണ് തുടങ്ങിയത്. അതില്‍ തന്നെ 20 കോടിയുടേത് പൂര്‍ത്തിയാക്കിയെന്നാണ് അവകാശവാദം. പൂര്‍ത്തിയായ ഓടകള്‍ പലതും അശാസ്ത്രീയമായാണ് നിര്‍മിച്ചത്. മലിനജലം തളം കെട്ടിനില്‍ക്കുകയാണ് ഓടകളില്‍ പലതിലും.
മാലിന്യസംസ്കരണത്തില്‍
കൊല്ലം തോട്, അഷ്ടമുടിക്കായല്‍ എന്നുവേണ്ട നഗരത്തിലെ ഒട്ടുമിക്ക ജലാശയങ്ങളിലും മാലിന്യം കുന്നുകൂടുന്നു. മുക്കിലും മൂലയിലും മാലിന്യക്കൂനകളാണ്. മാലിന്യ സംസ്കരണത്തിന് പത്തുകോടിയുടെ സംയുക്ത പദ്ധതി പണം അനുവദിച്ച് നാലുവര്‍ഷത്തിലേറെ ആയിട്ടും ഫലപ്രദമായില്ല. 1800 രൂപ വിലയുള്ള കിച്ചണ്‍ബിന്നുകള്‍ 180 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നൂറുകണക്കിന് പേരില്‍ നിന്നും 180 രൂപ വീതം വാങ്ങിയെങ്കിലും പകുതി പേര്‍ക്കും കിട്ടിയില്ലെന്നാണ് പരാതി.
തെരുവുവിളക്ക് പരിപാലനത്തില്‍
സന്ധ്യ കഴിഞ്ഞാല്‍ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. അഞ്ചുവര്‍ഷവും ഒരേ കരാറുകാരനാണ് തെരുവുവിളക്ക് പരിപാലിച്ചത്. വിളക്ക് തെളിഞ്ഞില്ലെങ്കിലും കരാറുകാരനെ മാറ്റില്ല. കേടാകുന്ന ലൈറ്റിന് പകരം പുതിയത് ഇട്ടാലും ദിവസങ്ങള്‍ക്കുള്ളില്‍ അണയും. പുതിയ ലൈറ്റെന്ന പേരില്‍ പഴയ ലൈറ്റുകളാണ് ഇടുന്നതെന്ന സംശയം വ്യാപകമാണ്.
അറവുശാല നവീകരണത്തില്‍
മൂന്നേകാല്‍ വര്‍ഷമായി അഷ്ടമുടി കായലിന്റെ തീരത്തുള്ള അറവുശാല അടഞ്ഞുകിടക്കുകയാണ്. അരക്കോടിയോളം രൂപ ചെലവാക്കി ആധുനികവത്കരിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ല. കമ്പനി ആവശ്യപ്പെട്ട പ്രകാരം വീണ്ടും കാല് ലക്ഷം രൂപ നല്കാന് ഒരുങ്ങുകയാണ്. ഇതിന് പിന്നില്‍ ലക്ഷങ്ങളുടെ കമ്മീഷന് ഇടപാടാണ് ആരോപിക്കപ്പെടുന്നത്.
എല്‍ഇഡി പദ്ധതിയില്‍
നഗരസഭയെ കോടികള്‍ കൊയ്യാനുള്ള കറവപ്പശുവായാണ് ചില സിപിഎം നേതാക്കള്‍ കാണുന്നതെന്നാണ് ആക്ഷേപം. ഇതിന്റെ ഉദാഹരണമാണ് എല്‍ഇഡി പദ്ധതി. പ്രമുഖ ബാര്മുതലാളിയുടെ ബിനാമി കമ്പനിയുമായി കരാര്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. ലൈറ്റുകള്‍ എല്ലാം എല്‍ഇഡി ആക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് വൈദ്യുതിചാര്‍ജില്‍ ലാഭമുണ്ടാകുന്നത്. ഈ ലാഭം മുഴുവന്‍ സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാര്‍. ആക്കോലില്‍, വാളത്തുംഗല്‍, ഇരവിപുരം ഡിവിഷനുകളില്‍ പരീക്ഷണാര്‍ഥം ഈ കമ്പനി സ്ഥാപിച്ച ലൈറ്റുകള്‍ പ്രദേശവാസികളെ ഇരുട്ടിലാക്കിയതും വിവാദമായി.
ഭൂമിയിടപാടില്‍
കോടികള്‍ വിലയുള്ള നഗരസഭാഭൂമി സ്വകാര്യവ്യക്തി മറിച്ചുവിറ്റത് ഭരണത്തിലെ പ്രധാനി കൗണ്‍സില്‍യോഗത്തിന്റെ മിനിട്സ് തിരുത്തി മറയ്ക്കാന്‍ ശ്രമിച്ചു. സംഭവം പുറത്തായപ്പോള്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് വീരവാദം മുഴക്കിയെങ്കിലും ഇപ്പോള്‍ അനക്കമില്ല. തൊട്ടടുത്തുള്ള നഗരസഭയുടെ മറ്റ് ഭൂമികളും കൈയേറിയതായി ആക്ഷേപമുണ്ട്. പക്ഷേ അത് അളക്കാന്‍ പോലും നഗരസഭ തയ്യാറാകുന്നില്ല. ഇതിന് പിന്നില്‍ ലക്ഷങ്ങളുടെ കോഴ ഇടപാടാണ് സംശയിക്കപ്പെടുന്നത്.
കുടുംബശ്രീയില്‍ പാവപ്പെട്ട സ്ത്രീകളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതിനുള്ള ആയുധമാക്കി കുടുംബശ്രീയെ മാറ്റിയെന്നാണ് മറ്റൊരു ആരോപണം. കുടുംബശ്രീ അംഗങ്ങള്‍ അറിയാതെ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുക്കുന്നത് പതിവ് സംഭവമാണ്. ഇങ്ങനെ നഗരത്തില്‍ മാത്രം നൂറുകണക്കിന് സ്ത്രീകളാണ് ജപ്തി ഭീഷണിയില്‍ നില്‍ക്കുന്നത്. ബാങ്കില്‍ അടയ്ക്കാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും വായ്പാ തിരിച്ചടവ് തുക തട്ടിയെടുത്ത സംഭവവുമുണ്ട്. നഗരത്തിലെ കുടുംബശ്രീ സിഡിഎസ് അരക്കോടി രൂപയുടെ ജപ്തി ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: