ഇടുക്കി: ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഇടുക്കിയില്‍ ഇടതിനും വലതിനും തലവേദനയായി സീറ്റ് വിഭജനം. കേരള കോണ്‍ഗ്രസി(എം) ന്റെ ഭാഗമായ ജോസ് കെ. മാണി വിഭാഗം ഇടത് തട്ടകത്തിലേക്ക് എത്തിയതാണ് സീറ്റ് വിഭജനം കീറാമുട്ടിയായത്. പ്രചരണത്തില്‍ ഒരു പടി മുന്നിലെത്തി എന്‍ഡിഎ.
അതേ സമയം അവസരത്തിനൊത്ത് കാല് മാറിയവരെ ജനം തിരിച്ചറിയുമെന്ന പ്രചരണവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. മുമ്പ് തങ്ങള്‍ക്ക് നല്കിയ സീറ്റെല്ലാം വേണമെന്ന ആവശ്യവുമായി ഇവര്‍ വലത് മുന്നണിയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നതോടെ പലയിടത്തും സീറ്റ് വിഭജനം ഇരുപാര്‍ട്ടികള്‍ക്കും തലവേദനയാകുകയാണ്. ഇത്തരത്തില്‍ സീറ്റ് വിട്ട് നല്കിയാല് തോല്‍ക്കുമെന്ന ഭയവും പ്രാദേശിക നേതാക്കളുടെ എതിര്‍പ്പുമാണ് പലയിടത്തും ചര്‍ച്ചകള്‍ വഴിമുട്ടിക്കുന്നത്.
തൊടുപുഴ നിയോജക മണ്ഡലത്തില്‍ പി.ജെ. ജോസഫിനും ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ ജോസ് കെ. മാണിക്കുമാണ് കൂടുതല്‍ സ്വാധീനമുള്ളത്. രണ്ടിടത്തും ഉടുമ്പന്‍ചോല, പീരുമേട് പോലുള്ള മണ്ഡലങ്ങളിലും ഇരു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തകരുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും വിട്ടവരും മറ്റ് പാര്‍ട്ടിയിലേക്ക് എത്തിയവരും നിരവധിയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍കൂട്ടി തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി ചിലയിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ കടന്ന് വരവോടെ ഇതെല്ലാം തകിടം മറിഞ്ഞു. അധികമായി സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെ പലയിടത്തും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. കോട്ടയം കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനമുള്ള മേഖലയാണ് പിന്നാക്ക ജില്ലയായ ഇടുക്കി. ഏറെയും കര്‍ഷകരും സാധാരണക്കാരുമുള്ള ജില്ല.
കഴിഞ്ഞവര്‍ഷം ആകെയുള്ള 51 പഞ്ചായത്തുകള്‍ 24 എണ്ണം യുഡിഎഫ് നേടിയപ്പോള്‍ 22 ഇടത്താണ് എല്‍ഡിഎഫ് ഭരണം കൈയാളിയത്. 2010 യഥാക്രമം 40, 8 എന്ന നിലയിലായിരുന്നു. ആകെയുള്ള എട്ട് ബ്ലോക്കില്‍ ഏഴും യുഡിഎഫ് നേടിയപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണവും വിട്ടുകൊടുത്തില്ല. അതേ സമയം ഇരു മുന്നണികള്‍ക്കു ശക്തമായ ഭീഷണിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലും ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ഏതാണ്ട് പൂര്‍ത്തിയാക്കി വോട്ട് തേടുന്ന തിരക്കിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: