കൊച്ചി : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന് സമാനമാണ്. ഇതിന്റെ മുഖ്യ സൂത്രധാരന്‍ കമറുദ്ദീന് ആണെന്നും സംസ്ഥാന സര്‍ക്കാര്‍. കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി. ഖമറുദ്ദീന് എംഎല്‍എ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനായി കമറുദ്ദീന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായാണ് ഇവര്‍ ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുമ്പാകെ തെറ്റായ വിവരങ്ങളാണ് കമറുദ്ദീന് നല്‍കിയത്. 2019ല്‍ നടത്തിയ റെയ്ഡില്‍ ഇക്കാര്യം വ്യക്തമായതാണ്. കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരി പത്രം നല്‍കിയിട്ടില്ല. കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെ കുറിച്ച് അന്വേഷണം വേണമെന്നും അന്വേഷണ സംഘവും ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വഞ്ചനാക്കേസിലാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്. വ്യാപാരം നഷ്ടത്തിലായതിനാലാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് കഴിയാതിരുന്നത്. ഇത് വഞ്ചാനാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും കമറുദ്ദീന് വേണ്ടി അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
2006 മുതല്‍ നിലവിലുള്ള കമ്പനിയാണ് ഇതെന്നും താന്‍ ഇതിന്റെ ഓണററി ചെയര്മാന് മാത്രമാണ്. കമ്പനിയെ പ്രതി ചേര്‍ക്കാതെ തന്നെ മാത്രം പ്രതി ചേര്‍ക്കുകയായിരുന്നു. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കമറുദ്ദീന് കോടതിയില്‍ അറിയിച്ചു.
കമ്പനിയിലാണ് ജനങ്ങള്‍ പണം നിക്ഷേപിച്ചത്. മാനേജിങ് ഡയറക്ടറുമായാണ് ഇവര്‍ക്ക് കരാര്‍ ഉള്ളത്. കമ്പനിക്ക് ഏഴ് ഡയറക്ടര്‍മാര്‍ കൂടിയുണ്ട്. അവര്‍ക്കെതിരെയൊന്നും പരാതിയില്ല. തന്റെ ഇമേജ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് കമ്പനിയെ ഒഴിവാക്കി തനിക്കെതിരെ മാത്രം കേസെടുത്തിരിക്കുന്നത്.
താന്‍ എംഎല്‍എ ആകുന്നത് വരെ കമ്പനി നല്ല രീതിയില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനു ശേഷമാണ് നഷ്ടം ഉണ്ടായത്. പണം നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്ന് സമ്മതിക്കുന്നു. ഇതിനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണം. 56 ലക്ഷം രൂപയാണ് ജുവല്ലറിയിലെ തന്റെ നിക്ഷേമെന്നും കമറുദ്ദീന് കോടതിയില്‍ അറിയിച്ചു.
അതേസമയം കേസ് അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജുല്ലറിയുടെ മറ്റ് ഡയറക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കും. കമറുദ്ദീനും പൂക്കോയ തങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കമറുദ്ദീനെതിരെ വഞ്ചനാ കുറ്റം നിലനില്ക്കും. സ്വന്തം ലാഭത്തിനായി ഇദ്ദേഹം പണം തിരിമറി നടത്തിയെന്നും അന്വേഷണ സംഘം മറുപടി നല്കി. കേസ് വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: