വിശ്വാമിത്ര മഹര്‍ഷിയുടെ ഏതു വാക്കും അനുസരിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയാണ് ഹരിശ്ചന്ദ്രന്. ദാസ്യം സ്വീകരിച്ചു കഴിഞ്ഞു എന്ന ഭാവമായിരുന്നു അപ്പോള്‍. എല്ലായ്പ്പോഴും ഞാന്‍ പറയുന്നതെന്തും അനുസരിക്കുമല്ലോ എന്ന് മഹര്‍ഷി ചോദിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ ഹരിശ്ചന്ദ്ര മഹാരാജന് തലയാട്ടി. പുനര്ജന്മം കിട്ടിയ ഭാവമായിരുന്നു അദ്ദേഹത്തിന്.
അങ്ങ് എന്തു നിര്‍ദേശിച്ചാലും അത് ഞാന്‍ തെല്ലും സംശയമില്ലാതെ തന്നെ നിര്‍വഹിച്ചു കൊള്ളാം. മഹര്‍ഷേ, ആജ്ഞാപിച്ചാലും. ഞാന്‍ ഇപ്പോള്‍ എന്താണു ചെയ്യേണ്ടത്? (വിശ്വാമിത്ര മഹര്‍ഷി തന്നെ ചതിക്കില്ല എന്ന് ഹരിശ്ചന്ദ്രന് ഉറച്ചു വിശ്വസിച്ചു. മഹര്‍ഷി പണ്ട് ശുനശ്ശേഫനെ രക്ഷിച്ച ചരിത്രമെല്ലാം ഒരു നിമിഷം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയി. ശ്രേയസ്സിനല്ലാതെ ഒരു കാര്യവും ഈ മുനി പുംഗവന് ചെയ്യില്ല).
അപ്പോഴേക്കും മഹര്‍ഷി ഗൗരവത്തിലായി. മഹര്‍ഷി മുന്നില്‍ നില്ക്കുന്ന ചണ്ഡാളനില്‍ നിന്നും പണം വാങ്ങി. എന്റെ ദാസനെ ഞാന്‍ നിനക്ക് വില്‍ക്കുകയാണ്.
‘നാസ്തി ദാസേന മേ കാര്യം
വിത്താശാവര്‍ത്തതേ മമ’
എനിക്കിപ്പോള്‍ ദാസനെക്കൊണ്ട് ആവശ്യമൊന്നുമില്ല. ഇപ്പോള്‍ പണത്തിനാണ് ആവശ്യം. അതിനാല്‍ നിന്റെ പണം ഞാന്‍ സ്വീകരിക്കുകയാണ്.
ചണ്ഡാളവേഷധാരി അനേകം രത്നങ്ങള്‍ വിശ്വാമിത്രനു മുന്നില്‍ നിരത്തി വച്ചു. ആ രത്നങ്ങളെല്ലാം പൊതിഞ്ഞെടുത്ത് വിശ്വാമിത്ര മഹര്‍ഷി ഹരിശ്ചന്ദ്രനെ ചണ്ഡാളദാസനായി ഏല്‍പ്പിച്ചു.
നിര്‍വികാരനായി നിന്നു കൊണ്ട് ഹരിശ്ചന്ദ്രന് മനസാ നിശ്ചയിച്ചു. വിശ്വാമിത്ര മഹര്‍ഷിയാണ് ഇപ്പോള്‍ തന്റെ നാഥന്. ഈ യജമാനന്റെ നിശ്ചയമെന്തായാലും ധൈര്യപൂര്‍വം ഞാന്‍ അനുസരിക്കും. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും ദേവന്മാര് പുഷ്പവൃഷ്ടി നടത്തി ഹരിശ്ചന്ദ്രനെ അനുമോദിച്ചു. അശരീരിയായി അവര്‍ വ്യക്തമാക്കി.
‘അനൃണോസി മഹാഭാഗ
ദത്താ സാ ദക്ഷിണാത്വയാ’
ഹേ, മഹാരാജന് ഇപ്പോള്‍ നല്കിയ ഈ ദക്ഷിണ കൊണ്ട് അങ്ങ് കടങ്ങളില്‍ നിന്ന് മുക്തനായിരിക്കുന്നു.
ഈ അശരീരി വചനം കേട്ട് ഹരിശ്ചന്ദ്രന് സന്തോഷിച്ചു. അദ്ദേഹം നന്ദിപൂര്‍വം വിശ്വാമിത്ര മഹര്‍ഷിയെ നമസ്കരിച്ചു. ഹേ, മഹര്‍ഷേ, ഹേ മഹാബാഹോ, ഇനി എന്റെ അച്ഛനും അമ്മയും ബന്ധുവും എല്ലാം അങ്ങു തന്നെയാണ്. അങ്ങ് ക്ഷണ നേരം കൊണ്ടു തന്നെ എന്നെ കടങ്ങളില്‍ നിന്നും മുക്തനാക്കിയല്ലോ. ഇനി ശ്രേയസ്സിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്.
ഹരിശ്ചന്ദ്രനെ വിശ്വാമിത്ര മഹര്‍ഷി അനുഗ്രഹിച്ചു. നിനക്ക് സ്വസ്തി വരട്ടെ. ഇനി ഈ ചണ്ഡാള മഹാനുഭാവന് പറയുന്നത് മുഴുവന്‍ നീ അനുസരിക്കൂ. വിശ്വാമിത്ര മഹര്‍ഷി രത്നങ്ങളുമായി അവിടുന്ന് യാത്രയായി.
ചണ്ഡാളന് ഹരിശ്ചന്ദ്രനെ ചങ്ങലയാല്‍ ബന്ധിച്ച് തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ബന്ധനത്തില്‍ ഉറക്കമില്ലാതെ കഴിഞ്ഞു. ചണ്ഡാളന് യജമാനന് സുഖമായി ഉറങ്ങുകയാണ്. ഹരിശ്ചന്ദ്രന് തന്റെ ഭാര്യയേയും കുട്ടിയേയുമെല്ലാം ഓര്‍ത്തു കിടന്നു. എന്തെല്ലാം ദുര്‍വിധികളാണ് തന്നെ വേട്ടയാടുന്നത്. രാജ്യനാശം ബന്ധു മിത്രാദികളെ വേര്‍പിരിയല്‍, ചണ്ഡാളദാസ്യം, ബന്ധനം, ചണ്ഡാളന്റെ താഡനങ്ങള്‍ ഇതോടൊപ്പം വിശപ്പും ദാഹവും.
എല്ലാം എന്റെ കര്‍മദോഷം. ശുനശ്ശേഫന്, എന്ന ബ്രാഹ്മണപുത്രനെ ബലി കൊടുക്കാന്‍ തന്നെ നിശ്ചയിച്ചപ്പോള്‍ ഇത്രയ്ക്കൊന്നും ആലോചിച്ചില്ല. താന്‍ ഏറെ സ്വാര്‍ഥനായിരുന്നു. ബ്രാഹ്മണനെ വേദനിപ്പിക്കാന്‍ സങ്കല്പിച്ചാല് പോലും ബ്രഹ്മഹത്യാ പാപം പിന്തുടരും എന്ന് സ്മൃതികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും അതൊന്നും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അന്ന് വിശ്വാമിത്ര മഹര്‍ഷി ശുനശ്ശേഫന് വരുണമന്ത്രം ഉപദേശിച്ചതു കൊണ്ടാണ് ബ്രാഹ്മണവധം എന്ന മഹാപാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ തനിക്കൊരു പഴുതെങ്കിലും ഉണ്ടായത്. ഇങ്ങനെ പലതും ചിന്തിച്ച് നാലു നാള് ആ ബന്ധനത്തില്‍ ഉറക്കമില്ലാതെ മഹാരാജന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: