തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും പൊലീസിനെ ഉപയോഗിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഫോറന്‍സിക് പരിശോധന ശാസ്ത്രീയമാണ്. ഫോറന്‍സിക് പരിശോധനാ ഫലത്തെ തള്ളാന്‍ പൊലീസിന് എങ്ങനെയാണ് സാധിക്കുകയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. ദേശീയ ഏജന്‍സികള്‍ക്ക് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്ന ബി.ജെ.പി വാദം തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകള്‍. ആനിമേഷന്‍ ചിത്രങ്ങളുമായി വന്ന് ഫോറന്‍സിക് പരിശോധനഫലം തള്ളുന്ന പൊലീസ് പാലക്കാട് പീഡനം അന്വേഷിച്ച സി.പി.എം കമ്മീഷനേക്കാള്‍ അപഹാസ്യമാവുകയാണ്. അമര്‍ചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പൊലീസിന്റേത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറന്‍സിക് വിഭാഗം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത വാദവുമായി പ്രതിരോധിക്കാമെന്നത് ശുദ്ധവിവരക്കേടാണ്.
സംഭവം നടന്നതിന് മുമ്പും ശേഷവും സര്‍ക്കാരിന്റെ ഓരോ ഇടപെടലുകളും സംശയകരമായിരുന്നെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെയും പുറത്താക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മന്ത്രിമാരുടെ പ്രസ്താവനകളും മുഖ്യമന്ത്രിയുടെ വെപ്രാളവും കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. സത്യം തുറന്ന് പറഞ്ഞ തന്നെയും മാദ്ധ്യമങ്ങളെയും വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഫയലുകള്‍ക്ക് തീയിട്ടത്. ദേശീയ ഏജന്‍സികള്‍ തന്നെ സെക്രട്ടേറിയേറ്റ് തീവെപ്പും അന്വേഷിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: