കൊല്ലം: കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ നിലവിലെ സര്‍ക്കാരിനെയും അതിനു നേതൃത്വം നല്കിയ പാര്‍ട്ടിയെയും കാത്തിരിക്കുന്നത് വന്പതനമാണെന്ന് ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി. ഇത് അയ്യപ്പന്റെ ഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ഭവനം സന്നിധാനമെന്ന ആഹ്വാനമുയര്‍ത്തി സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം രണ്ടാംകുറ്റി ചേരിയില്‍ വൈദ്യശാലാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഇതരമതസമൂഹത്തോട് പ്രണ്ടീണനവും അസംഘടിതരായ ഹിന്ദുസമൂഹത്തോട് പീഡനവും എന്നതാണ് ഈ സര്‍ക്കാര്‍ നയം. അതിപ്പോഴും തുടരുകയാണ്. ഹൈന്ദവര്‍ക്ക് സ്വന്തം ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള അജ്ഞതയെ ദൗര്‍ബല്യമായി കാണുകയാണിവര്‍. വ്യക്തിജീവിതത്തില്‍ അചാരാനുഷ്ഠാനപാലനം കൃത്യമാക്കിയാല്‍ ഹിന്ദുസമൂഹത്തിന് ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കും. ഇതിനായാണ് 41 ദിവസം മണ്ഡലവ്രതം വീടുകളില്തന്നെയാക്കിയുള്ള ഭവനം സന്നിധാനം ലക്ഷ്യമിടുന്നതെന്നും സ്വാമി പറഞ്ഞു.
സേവാസമാജം ജില്ലാ പ്രസിഡന്റ് ജെ. വിജയന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ചേരിയില്‍ സുകുമാരന്‍ നായര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, അനീഷ് നമ്പൂതിരി, സമാജം ദേശീയ ട്രഷറര്‍ വിനോദ് പുത്തൂര്‍, സംസ്ഥാന സമിതിയംഗം മീനാട് ഉണ്ണി, ജില്ലാ സെക്രട്ടറി സുനില്‍ മങ്ങാട്, ട്രഷറര്‍ എസ്. പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: