തൊടുപുഴ: കൊറോണ വ്യാപനം രൂക്ഷമായതിന് പിന്നാലെ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ശനിയാഴ്ച വൈകിട്ട് മേഖല പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
പിന്നാലെ ഇന്നലെ രാവിലെ പച്ചക്കറികള്‍ മാറ്റുന്നതിന് ഉടമകള്‍ക്ക് സമയം നല്കിയ ശേഷമാണ് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് അടപ്പിച്ചത്. ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 24 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച രോഗം വ്യാപിച്ച് ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന് മുമ്പ് ചുമട്ടുതൊഴിലാളികള്‍ക്കടക്കം കൊറോണ കണ്ടെത്തി. പലരും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലു ഇത് വകവെയ്ക്കാറില്ലെന്നും ഇതാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിക്കാന്‍ കാരണമായതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പലപ്പോഴും കൃത്യമായ സുരക്ഷാ മുന്‍കരുതലകള്‍ ഒരു കടകളിലും എടുത്തിരുന്നില്ല. കൃത്യമായി മാസ്ക്ക് പോലും കൃത്യമായി ധരിക്കാതെയാണ് കച്ചവടം നടന്നത്. ഇതാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണമായത്. ഏഴ് ദിവസത്തേക്കാണ് മാര്‍ക്കറ്റ് അടച്ചത്, ഇതിന് ശേഷം അണുനശീകരണം നടത്തി കൂടുതല്‍ നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറക്കാനാണ് നീക്കം. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ദിവസവും നിരവധി ലോഡ് പഴം-പച്ചക്കറികളാണ് ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ഇവിടേക്ക് എത്തുന്നത്.
തൊടുപുഴ നഗരസഭയുടെ കീഴില്‍ വരുന്ന 14, 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഉണ്ടപ്ലാവ്, രണ്ടുപാലം മേഖലകളിലും രോഗ വ്യാപനം രൂക്ഷമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ കടകള്‍ അടപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ ഇവിടെ പല റോഡുകളും ഭാഗീകമായി അടച്ച് ഡിവൈഡറുകളും സ്ഥാപിച്ചു.
രോഗ വ്യാപന തീവ്രത കൂടിയ വൈറസാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറച്ച് വെയ്ക്കരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കാരിക്കോട് പട്ടയംകവല പൊതുമരാമത്ത് റോഡിന്റെ രണ്ടുപാലം വരെയുള്ള ഭാഗം, ഉണ്ടപ്ലാവ്-മുതലക്കോടം മെയിന്‍ റോഡ്, ഉണ്ടപ്ലാവ്-കോണിക്കമാലില് റോഡ്, കുമ്പംകല്ല് സ്കൂള്‍- ഉണ്ടപ്ലാവ് റോഡ്, ത്രിവേണി റോഡിന്റെ ഇരുവശവും ഉള്‍പ്പെടെ മേഖലയിലെ പ്രധാന റോഡുകളെല്ലാം കണ്ടെയ്മെന്റ് സോണുകളാണ്. ഇതിന് പുറമെ ഇടവെട്ടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും രോഗ വ്യാപനം രൂക്ഷമാണ്.
179 പേര്‍ക്ക് കൂടി കൊറോണ
ജില്ലയില്‍ ഇന്നലെ 179 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 24 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ജില്ലയിലാകെ രോഗം ബാധിച്ചവര്‍ ഇതോടെ 8226 ആയി ഉയര്‍ന്നു. ഇതില്‍ 6555 പേര് രോഗമുക്തി നേടിയപ്പോള്‍ 9 പേര് മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ ഇനി 1662 പേരാണ് വിവിധ സ്ഥലങ്ങളിലായി രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: