ചെന്നൈ: വിജയ് ഫാന്‍സ് അസോസിയേഷന്റെ പേരില്‍ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടന് വിജയിയും പിതാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിയുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കേസ് നല്‍കുമെന്നാണ് വിജയ് നല്കുന്ന സൂചന. എന്നാല്‍, മകന് കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നാണ് പിതാവ് പറയുന്നത്.
‘ഓള് ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്യുടെ ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് പിതാവ് എസ്.എ ചന്ദ്രശേഖര്‍ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയും ഭാര്യ ശോഭയെ ട്രഷററുമാക്കിയാണ് അദേഹം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫാന്‍സ് അസോസിയേഷന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ താരം പിതാവിനെ തളളിപ്പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്റെ വിവരം അറിഞ്ഞത്. അച്ഛന് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആരാധകരേയും പൊതുജനത്തെയും അറിയിക്കുന്നു. ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നും തന്റെ ആരാധകരോട് വിജയ് അഭ്യര്‍ഥിച്ചിരുന്നു. തന്റെ പേരോ ചിത്രമോ ഫാന്‍സ് അസോസിയേഷനോ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയുടെ പേരിലാണ് വന്നതെങ്കിലും അത് അവന് എഴുതിയതാകില്ലെന്നും ചന്ദ്രശേഖര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: