കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരലനക്കാതെ ആരോഗ്യവകുപ്പും വിജിലന്‍സും. പ്രതിസ്ഥാനത്തുള്ളവരെല്ലാം സിപിഎം നോമിനികളാണെന്നതും ഈ കള്ളത്തരങ്ങളെല്ലാം നടന്നത് പ്രദേശത്തുള്ള ചില പാര്‍ട്ടിനേതാക്കളുടെ അറിവോടെയാണന്നതും പകല്‍ പോലെ വ്യക്തമാണ്. പോലീസില്‍ പരാതി നല്‍കാതിരുന്നതും വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചതും ഇതിന്റെ ഭാഗമായി വേണം വിലയിരുത്താന്‍.
സിപിഎം നോമിനിയായ വെറും താത്കാലികജീവനക്കാരിക്ക് സ്വന്തമായി ക്യാബിനടക്കം രാജകീയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഇവിടെ ആശുപത്രി സൂപ്രണ്ടും ലേ ഓഫീസറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും എല്ലാം നിയന്ത്രിക്കുന്നത് പിആര്‍ഒ ആണെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു. ഇവര്‍ കാട്ടുന്ന എല്ലാ കള്ളത്തരത്തിന്റെയും പങ്ക് പറ്റുന്ന പ്രദേശത്തെ ചില സിപിഎം നേതാക്കള്‍ ആശുപത്രി സൂപ്രണ്ടിനെ അടക്കം ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ച് പിആര്‍ഒയ്ക്കും ഇവരുടെ സഹായികളായ മറ്റ് രണ്ട് വനിതാജീവനക്കാര്‍ക്കും എതിരെ പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചെങ്കിലും സിപിഎമ്മുകാരുടെ ഭീഷണി ഭയന്ന് ഒടുവില്‍ പിന്മാറിയതായാണ് അറിയുന്നത്.
പോലീസ് കേസെടുക്കണം: ബിജെപി
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രില്‍ മാതൃയാനം പദ്ധതിയില്‍ നടത്തിയിട്ടുള്ള വന്‍ക്രമക്കേട് മോഷണക്കുറ്റമായി കണ്ട് പോലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ഒ അഞ്ജന മാത്രമല്ല മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ജനറല്‍ മാനേജരായ ഡോ. ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ് എന്നിവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: