കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. പിആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ‘നന്മമരം’ പ്രതിച്ഛായയെല്ലാം അഴിമതിക്കുരുക്കില്പ്പെട്ട് തകര്‍ന്ന നിലയില്‍. പാര്‍ട്ടി അണികളോട് പോലും കാര്യങ്ങള്‍ പറയാനാകാത്ത അവസ്ഥയാണ് നേതാക്കള്‍ക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതി മുട്ടിയ ജനത്തിന് പറ്റിയ മറ്റൊരു കൈയബദ്ധമായിരുന്നു പിണറായി സര്‍ക്കാരെന്ന തിരിച്ചറിവാണ് ഇക്കുറി തെരഞ്ഞെടുപ്പിന്റെ കുന്തമുന.
ജനക്ഷേമ പദ്ധതികളെന്ന പേരില്‍ കൊണ്ടാടിയ എല്ലാ സംരംഭങ്ങളും കോടികളുടെ അഴിമതിക്കുള്ള വഴികളായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ അലയടങ്ങും മുമ്പാണ് പ്രളയഫണ്ട് അടിച്ചുമാറ്റിയതായി ആക്ഷേപമുയര്‍ന്നത്. ഫണ്ട് മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിയും ഭക്ഷണ സാധനങ്ങളും വരെ സഖാക്കള്‍ തട്ടിയെടുത്തു. ദുരിത ബാധിതരെ സഹായിക്കാനെത്തിയ സൈന്യത്തെ അധിക്ഷേപിച്ചും സന്നദ്ധപ്രവര്‍ത്തകരുടെ വഴി മുടക്കിയും നെറികെട്ട രാഷ്ട്രീയം കളിച്ചു. പ്രളയത്തിന്റെ പേരില്‍ നാട്ടില്‍ ലോക്കല്‍ സഖാക്കളും വിദേശങ്ങളിലടക്കം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരും പിരിവിനായി കറങ്ങി. ഒന്നിനും കണക്കുണ്ടായില്ല. യുഎഇ സര്‍ക്കാര്‍ പണം തരുമെന്ന് കള്ളം പറഞ്ഞും കേന്ദ്രത്തെ പഴി പറഞ്ഞും പിന്നീട് ഒന്നും കിട്ടിയില്ലെന്ന് കൈ മലര്‍ത്തി കേരളത്തെ വിഡ്ഢികളാക്കി.
ഓഖി കൊടുങ്കാറ്റില്‍ തീരദേശമുലഞ്ഞപ്പോള് ആശ്വാസത്തിന് പോലും സര്‍ക്കാരും പ്രതിപക്ഷമെന്ന് മേനി പറയുന്ന യുഡിഎഫും ഉണ്ടായില്ല. മുഖ്യമന്ത്രി മുതല്‍ എംഎല്‍എമാര്‍ വരെ തീരദേശത്തെത്തി ജനങ്ങളെ കാണാന്‍ ഭയന്നു. തീര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പണമത്രയും ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിക്ക് പറന്നു നടക്കാന്‍ ഹെലിക്കോപ്ടര്‍ വാങ്ങി. മാസങ്ങളോളം വെള്ളക്കെട്ടിലായിപ്പോയ കുട്ടനാടിന്റെ പ്രയാസങ്ങള്‍ നീക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി വിരട്ടലും ശാസനയുമായിരുന്നു മുഖ്യമന്ത്രിയുടെ നടപടികള്‍.
ക്ഷേമ പെന്‍ഷനുകളുടെ മറവില്‍ പാര്‍ട്ടി പത്രം അടിച്ചേല്‍പ്പിച്ചു. സഹ. ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം മുടിച്ചാണ് ക്ഷേമ പെന്ഷന് നല്കി എന്ന ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. റോഡ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങളിലെല്ലാം കേന്ദ്രത്തിന്റെ പദ്ധതികളെ പേര് മാറ്റി അവതരിപ്പിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ലൈഫ് മിഷനും കെ ഫോണും തുടങ്ങി കൊണ്ടുവന്ന പദ്ധതികളെല്ലാം അഴിമതിയില്‍ മുങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം ചെലവാക്കാതെയും വക മാറ്റിയും ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സം നിന്ന് അട്ടിമറിച്ചു. ആയുഷ്മാന്‍ ഭാരത് ജനങ്ങളറിയാതിരിക്കാന്‍ തമസ്കരിച്ച ഇടത് സര്‍ക്കാര്‍, സ്മാര്‍ട് സിറ്റിയുടെ പേരില്‍ നടത്തിയ തട്ടിപ്പും ഇപ്പോള്‍ അന്വേഷണ പരിധിയിലാണ്.
സരിതയില്‍ തുടങ്ങി സ്വപ്നയിലെത്തി നില്ക്കുന്ന അഴിമതിയുടെ കുത്തൊഴുക്കാണ് എല്‍ഡിഎഫ്, യുഡിഎഫ് ഭരണങ്ങളുടെ മുഖമുദ്ര. സോളാറില്‍ ആരോപണ വിധേയരായവരില്‍ ഒരാള്‍ക്കെതിരെ പോലും ഇതുവരെയും ഇടത് സര്‍ക്കാര്‍ നടപടിയെടുത്തില്ല. പാലാരിവട്ടം പാലം പൊളിഞ്ഞ സംഭവത്തില്‍ ഉത്തരവാദിയായ വകുപ്പ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ല. അഴിമതിപ്പണം പങ്കുവയ്ക്കുന്നതിലെ എല്‍ഡിഎഫ്-യുഡിഎഫ് അന്തര്‍ധാരകള്‍ ചോദ്യം ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: