കോടിയേരി പുത്രന്റെ മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുറ്റിക്കറങ്ങുന്ന സ്വര്‍ണക്കടത്തുകേസും ആറുമണിക്ക് പതിവുള്ള വിജയന് ഷോയുമൊക്കെക്കൂടി തിമിര്‍ത്താടുന്ന കാലത്താണ് സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിപദം മുതല്‍ കഴിഞ്ഞ നാലരക്കൊല്ലമായി കേരളത്തിലുടനീളം അനര്‍ഹരും അയോഗ്യരും കയറിയിരുന്ന് മെഴുകാത്ത ഇടമില്ല. സ്വപ്നയും ശിവശങ്കരനും മുതല്‍ സര്‍ക്കാരിന്റെ പദവികളും ബഹുമതികളും കൈപ്പറ്റിയ സകലമാന ആളുകളെയും പൊതുജനം വിചാരണ ചെയ്യുന്ന കാലത്താണ് ബാലന് മന്ത്രി സക്കറിയയ്ക്ക് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നത് എന്നത് യാദൃച്ഛികമല്ല.
ഉരുളികുന്നത്തുകാരന് പോള്‍ സക്കറിയയ്ക്ക് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനുമായി എന്തുബന്ധമെന്ന ചോദ്യം സര്‍ക്കാര്‍ വക കസര്‍ത്തുകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നില്ല. ആകെ മൊത്തം നാറിപ്പോയ ഒരു സര്‍ക്കാരിന്റെ മറ്റൊരു അഭ്യാസം എന്നതിനപ്പുറം ആരും അതിന് അത്ര വില കല്പിക്കാത്തതാണോ കാരണമെന്നും അറിയില്ല. സക്കറിയയ്ക്ക് എഴുത്തച്ഛന് പുരസ്കാരം എന്ന പ്രഖ്യാപനം കേട്ടവാറേ മലയാളത്തിലെ മുന്തിയ ഒരു നോവലിസ്റ്റ് കം ചെറുകഥാകാരന്‍ നടത്തിയ അഭിനന്ദന പ്രസ്താവം ‘ഈ വര്‍ഷത്തെ എഴുത്തച്ഛന് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു. ഞെട്ടിച്ചുകളഞ്ഞ കമന്റായിരുന്നു അത് എന്ന് പറയാതെ വയ്യ.
എഴുത്തിന് പുറത്ത് അടിമുടി വര്‍ഗീയവാദിയും അന്തംവിട്ട പക്ഷപാതിയുമായ ഒരാളാണ് താന്‍ എന്ന് താന്‍പോരിമ കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിയാണ് സക്കറിയ. തനിക്കിഷ്ടമില്ലാത്തവര്‍ക്കൊപ്പം എന്ന് തോന്നിച്ച ഏതൊരാളെയും കടന്നാക്രമിക്കാനും തോന്നുംപടി അധിക്ഷേപിക്കാനും നാക്കിന് എല്ലില്ലാതെപോയ ഒരു സാംസ്കാരിക നായകന്. ഒരു പിടി നല്ല കഥകളില്‍ കൂടി വായനാലോകത്തിന്റെ പ്രശംസ ഏറെ നേടിയെങ്കിലും വികലവും വികൃതവും അങ്ങേയറ്റം മലീമസവുമായ ചിന്തകള്‍ കൊണ്ട് സാഹിത്യ സംവാദങ്ങളെ നാറ്റിച്ചുകളഞ്ഞതിന്റെ ഖ്യാതി സ്വന്തമായി എടുത്തണിഞ്ഞയാള്‍… അങ്ങനെയൊരാള്‍ക്കല്ലാതെ മന്ത്രി ബാലനും സംഘവും മറ്റാര്‍ക്ക് അവാര്‍ഡ് നല്‍കാനാണ്.
ഇടത് സര്‍ക്കാര്‍ സാഹിത്യ, സാംസ്കാരിക മേഖലയിലെ അവാര്‍ഡുകള്‍ നല്‍കുന്നതിന്റെയെല്ലാം രീതി ഇങ്ങനെയാണ്. സരസ്വതീദേവിയെ അശ്ലീലമായി ചിത്രീകരിച്ചാല്‍ രാജാരവിവര്‍മ്മ പുരസ്കാരം, ഭഗവാന് കൃഷ്ണനെ അധിക്ഷേപിച്ച് കവിത എഴുതിയാല്‍ പൂന്താനം പുരസ്കാരം, രാമായണത്തെയും രാമായണ സംസ്കൃതിയെയും അപമാനിച്ചാല്‍ എഴുത്തച്ഛന് പുരസ്കാരം… എല്ലാം പുരോഗമനത്തിന്റെ പേരിലാണെന്നതാണെന്നതാണ് ആകെയൊരാശ്വാസം.
ശ്രീപത്മനാഭസ്വാമിയുടെ പേരില്‍ കേരളസാഹിത്യ അക്കാദമിയുടെ ഒരു പുരസ്കാരം നേരത്തെ ഉണ്ടായിരുന്നു. ആദ്യത്തെ ബാലസാഹിത്യപുരസ്കാരമായിരുന്നു അത്. മതമില്ലാത്ത ജീവന് സാക്ഷാല്‍ മരിയന്‍ അലക്സാണ്ടര്‍ ബേബി സാംസ്കാരികവകുപ്പ് കക്ഷത്തിലിറുക്കിപ്പിടിച്ചു വാണ കാലം ആ പുരസ്കാരം കൊല്ലത്തുകാരനും നിരീശ്വരവാദിയുമായ ഒരാള്‍ക്ക് നല്കാന് തീരുമാനിച്ചു. പത്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര പുരോഗമന സര്‍ക്കാര്‍ നല്‍കുന്നത് ശരിയല്ലെന്ന് അയാള്‍ അലമുറയിട്ടു. അപ്പോഴേക്കും ജ്വലിച്ചുയര്‍ന്ന വിപ്ലവവീര്യം കൊണ്ട് ‘മതമില്ലാത്ത ജീവന്’ ആ പുരസ്കാരം തന്നെ റദ്ദാക്കി.
തിരുവിതാംകൂര്‍ രാജകൊട്ടാരവുമായി സഹകരിച്ച് പിന്നീട് കൊല്ലത്തുള്ള ഗ്രാമം എന്ന ഒരു ചെറിയ സാഹിത്യപ്രസിദ്ധീകരണം ആ അവാര്‍ഡ് ഏറ്റെടുത്തു. അടുത്ത സര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രി കെ.സി. ജോസഫ് വീണ്ടും പത്മനാഭസ്വാമി പുരസ്കാരം, അക്കാദമി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ പേരില്‍ പിന്നീട് ഒരിക്കല്‍ മാത്രമാണ് അതുണ്ടായത്. പിന്നീടിന്നേവരെ ശ്രീപത്മനാഭസ്വാമിയുടെ പേര് ആ പുരസ്കാരത്തോടൊപ്പം ചേര്‍ത്ത് കണ്ടിട്ടില്ല. അത്രയ്ക്ക് വിദ്വേഷമാണ് ബാലന് നയിക്കുന്ന വകുപ്പിനും പാര്‍ട്ടിക്കും ശ്രീപത്മനാഭനോടെന്നറിയണം.
സ്വര്‍ണക്കടത്തും മയക്കുമരുന്നും തുടങ്ങി സകലമാന തല്ലുകൊള്ളിത്തരങ്ങളും മുഖമുദ്രയാക്കിയ ഒരു സര്‍ക്കാരാണ് ഇക്കുറി പുരസ്കാരം പ്രഖ്യാപിച്ചത് എന്നത് തന്നെ മലയാളഭാഷയെ നവീനമാക്കി തീര്‍ക്കുന്നതില്‍ വിപ്ലവകരമായ പങ്ക് വഹിച്ച തുഞ്ചത്താചാര്യനോടുള്ള അപമാനമാണ്. സുഖലോലുപതയുടെ മടിത്തട്ടില്‍ വേശ്യാംഗനമാരുടെ അംഗപ്രത്യംഗവര്‍ണന നടത്തി ‘ഇതാണ് ഉദാത്ത കവിത’-യെന്ന് ‘ബലേഭേഷ്’ വിളിച്ചിരുന്ന ആഢ്യത്വത്തിനുള്ള തിരുത്തായിരുന്നു തുഞ്ചത്താചാര്യന്റെ കടന്നുവരവ്. രാമകഥ പാടിയെത്തിയ ശാരികപ്പൈതലിലൂടെ ഭാഷയെ നവീകരിക്കുകയും സംസ്കരിക്കുകയും ചെയ്ത ഭാഷാവിപ്ലവകാരിയായിരുന്നു എഴുത്തച്ഛന്. അദ്ദേഹത്തിന്റെ പേരില്‍ ഒരു പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ പലപാട് ആലോചിക്കേണ്ടിവരും. മിനിമം ആ സംസ്കാരത്തോടും ആചാര്യനോടും ആദരവ് പുലര്‍ത്താന്‍ ശേഷിയുള്ള ഒരുവനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നത് ‘ബാലസംഘ’-ത്തിന് അലങ്കാരമാവാനേ തരമുള്ളൂ….
എഴുത്തച്ഛന് മുതല്‍ ഒ.വി. വിജയനും ഈ തലമുറയിലെ സുഭാഷ്ചന്ദ്രനും വരെ എഴുത്തിനെ സാംസ്കാരികമായി ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച എല്ലാ മഹാത്മാക്കളെയും പൊതുവേദിയില്‍ അപഹസിച്ച് അസൂയയും കാമവും കരഞ്ഞുതീര്‍ക്കുകയായിരുന്നു എത്രയോകാലം സക്കറിയ. കണ്ണൂരെവിടെയോ മാര്‍ക്സിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെക്കുറിച്ച് കഥ പറഞ്ഞതിന് കുട്ടിസഖാക്കള്‍ നല്കിയ തല്ലിന്റെ സങ്കടത്തില്‍ ഏറെക്കാലം മിണ്ടാട്ടം മുട്ടിയിരുന്ന സക്കറിയയുടെ നാവ്, പാര്‍ട്ടി കടമായി ചോദിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്ന് തോന്നുന്നതില്‍ തെറ്റില്ല. തനി ഗുണ്ടാപ്പടയായി മാറിപ്പോയ സര്‍ക്കാരിനെയും പാര്‍ട്ടിയെയും താങ്ങാന്‍ ആ റേഞ്ചിലുള്ള ഒരാള്‍ അനിവാര്യമാണെന്ന് തോന്നുന്നതിലും തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: