തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വീണ്ടും മനുഷ്യരിലേക്ക് പടരാന്‍ സാദ്ധ്യതയുള്ള ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഫാമിലെ മൂന്ന് പന്നികളിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്.
ജീവനക്കാരുടെ കുറവ് മൂലം കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഫാമില്‍ രോഗബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് ഫാമിലെ 20 പന്നികളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. 11 വലിയ പന്നികളെയും ഒമ്പത് കുഞ്ഞുങ്ങളെയുമാണ് കൊന്നത്. ഇതിന് ശേഷം ഫാമില്‍ പന്നികളുടെ ഉത്പാദനം നിറുത്തി വച്ചിരിക്കുകയായിരുന്നു.
ഇപ്പോള്‍ 35 പന്നികള്‍ മാത്രമാണ് ഫാമിലുള്ളത്. രോഗം കണ്ടെത്തിയവയെ മറ്റ് പന്നികളില്‍ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമപരിശോധനാ ഫലം കൂടി വന്ന ശേഷം രോഗം ബാധിച്ച പന്നികളെ കൊന്ന് കുഴിച്ചു മൂടും.
ആദ്യ രോഗബാധ കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷം വീണ്ടും പന്നികളില്‍ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ കാരണം കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് മൂന്ന് പന്നികള്‍ പോസിറ്റീവായത്. തിരുവനന്തപുരത്ത് നിന്നുള്ള നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ച് ബാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് ഫാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ രോഗം ബാധിച്ച പന്നികളെ കൊന്ന് കളയുകയാണ് പതിവ്.
രണ്ട് കോഴി ഷെഡ് മാത്രമുണ്ടായിരുന്ന 1974ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഫാമില്‍ നിലവിലുള്ളത്. പിന്നീട് 1990ല്‍ പന്നി ഫാം, 2012ല്‍ ഹാച്ചറി എന്നിവ തുടങ്ങിയെങ്കിലും കൂടുതല്‍ ജീവനക്കാരെ അനുവദിച്ചിട്ടില്ല. ആകെ 22 ജീവനക്കാരാണ് ഫാമിലുള്ളത്. ഇതില്‍ പുറംജോലിക്കാരായ 14 തൊഴിലാളികളും ദിവസവേതനക്കാരാണ്. ബാക്കി എട്ട് പേര് മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. ബാക്കിയുള്ള ഒഴിവുകള്‍ നികത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊള്ളുന്നില്ലെന്ന പരാതിയും ശക്തമാണ.
ഇടുക്കിയിലെ ജില്ലാ ഫാം പ്രവര്‍ത്തിക്കുന്നത് തൊടുപുഴയ്ക്ക് സമീപം കോലാനിയില്‍ സ്വന്തമായുള്ള 8.5 ഏക്കര്‍ സ്ഥലത്താണ്. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള വിശാലമായ ഫാം സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ദിവസം ശരാശരി മൂവായിരം കോഴിക്കുഞ്ഞുങ്ങളെ വീതം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഹാച്ചറിയും നൂറോളം പന്നികളെ വളര്‍ത്താനുള്ള സൗകര്യവുമുണ്ട് ഇവിടെ. എന്നാല്‍ ആവശ്യമായ കോഴികളെയോ പന്നികളെയോ ഇവിടെ നിന്ന് ലഭിക്കാറില്ലെന്നാണ് കര്‍ഷകരുടെ പരാതി.
1995 ലാണ് ഫാം ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാമെന്നല്ലാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ജില്ലാപഞ്ചായത്തിന് അധികാരമില്ലെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിലപാട്. തൊഴിലാളികളെ നിയമിക്കുന്നതിലടക്കം ഈ തര്‍ക്കം തുടരുകയാണ്.
ബ്രൂസെല്ലോസിസ് രോഗം എന്ത്
രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നാണിത്. പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പകര്‍ച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ് രോഗം. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരാറില്ല. ചൈനയില്‍ കൊറോണയ്ക്ക് പിന്നാലെ ഈ രോഗം മൃഗങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്ഷസ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: