തിരുവനന്തപുരം: മകന്റെ പേരില്‍ കോടികളുടെ കള്ളപ്പണ ഇടപാട് പുറത്തുവരുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ ആസ്തിയും ചര്‍ച്ചയാകുന്നു. 2006ല്‍ തലശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ആകെ ആസ്തി 13.67 ലക്ഷം മാത്രം. മക്കള്‍ക്ക് പ്രത്യേക വരുമാനവും ഇല്ല. പിന്നീടങ്ങോട്ട് ബിനീഷിന് മാത്രം കോടികളുടെ വരുമാനം ഉണ്ടായതായാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ, കൈരളിയുടെ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഷെയര്‍ എന്നിവയും 2003 മോഡല്‍ കാറും അടക്കം 49,283 രൂപയാണ്. ഭാര്യയുടെ കൈയില്‍ 20000 രൂപയും തിരുവനന്തപുരം കൈതമുക്ക് എസ്ബിഐയില്‍ 66,000 രൂപ, മലയാളം കമ്മ്യൂണിക്കേഷനില്‍ 1000 രൂപഷെയര്‍, 193960 രൂപ വിലയുള്ള 120 ഗ്രാം സ്വര്‍ണം എന്നിവയാണ് കൈവശമുള്ളത്. സ്വത്ത് വകയായി കോടിയേരിക്ക് 5.5 ലക്ഷം വിലവരുന്ന ഭൂമിയും 92.5 സെന്റും മൂന്ന് ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. ഭാര്യക്ക് 1.11 ലക്ഷം വിലവരുന്ന ഭൂമിയും 1.89 ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. കോടിയേരിക്ക് കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ 20166 രൂപയുടെ ലോണുണ്ട്. ഇതായിരുന്നു ആസ്തി വിവരം. മക്കള്‍ക്കാര്‍ക്കും വസ്തുവകകളോ മറ്റ് ആസ്തികളോ ഇല്ല.
എന്നാല്‍ കോടിയേരി ആഭ്യന്തരമന്ത്രി ആയതോടെ സ്ഥിതി മാറിയെന്ന് എന്‍ഫോഴ്സ്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബിനീഷ് താമസിക്കുന്ന വീട് ലക്ഷങ്ങള്‍ കൊടുത്തുവാങ്ങി. 2008 മുതല്‍ 2013 വരെ മാത്രമാണ് ബിനീഷ് ദുബായ്യില് ജോലി ചെയ്തത്. ആസമയം വന്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തി. അവിടെ ബാങ്കിനെ വഞ്ചിച്ചതിന് കേസുമുണ്ടായി. അതിനുശേഷം കോടികളുടെ ഇടപാടാണ് രണ്ട് ബാങ്കുകള്‍വഴി നടത്തിയത്. ഐഡിബിഐ ബാങ്കിലെ രണ്ടും എച്ച്ഡിഎഫ്സി ബാങ്കിലെ ഒരക്കൗണ്ടും വഴിയാണ് ബിനീഷ് കോടിയേരിയും മയക്കുമരുന്നുകേസിലെ അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടന്നത്. ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ച 5.17കോടി കൈമാറിയെന്നാണ് ഇഡി കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനൊന്നും വ്യക്തമായ ഉറവിടം രേഖപ്പെടുത്താനായിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലുണ്ട്. ഇവ കണ്ടെത്തുന്നതിനായി നിക്ഷേപ രസീതുകള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാത്രമല്ല ആദായ നികുതി വകുപ്പിന് നല്കിയ വിവരങ്ങളും പുറത്തു വിട്ടു. അതിലും വന്‍വെട്ടിപ്പാണ് നടത്തിയത്. ഈ പണമെല്ലാം എവിടെ നിന്നു എന്ന് വന്നതെന്ന ചോദ്യം കോടിയേരിയിലേക്കും നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: