പരവൂര്‍: ക്രമസമാധാനപ്രശ്നങ്ങളും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും വര്‍ധിച്ച ഊന്നിന്മൂട്ടില് പോലീസ് സ്റ്റേഷന് വേണ്ടി മുറവിളി ഉയരുന്നു. പ്രദേശത്തൊരു പ്രശ്നമുണ്ടായാല്‍ പരവൂരിലോ പാരിപ്പള്ളിയിലോ നിന്നു വേണം പോലീസ് എത്താന്‍. എന്നാല്‍, അത്യാവശ്യഘട്ടങ്ങളില്പ്പോലും രണ്ട് സ്റ്റേഷനില്‍നിന്നും ആരും സമയത്ത് എത്തിയ ചരിത്രവുമില്ല.
ഊന്നിന്മൂട് ജംഗ്ഷനിലും ശാരദാമുക്ക് കവലയിലും ചെമ്പകശ്ശേരി സ്കൂള്‍ പരിസരങ്ങളിലും തെങ്ങുവിള, കൂനംകുളം, തലക്കുളം, താവണംപൊയ്ക, കലയ്ക്കോട് പ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങള്‍ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നുണ്ട്.
2014ല്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്നതിനുള്ള നീക്കം നടന്നെങ്കിലും നടപടികളുണ്ടായില്ല. സ്റ്റേഷനുവേണ്ടി തുടക്കംമുതല്‍ രംഗത്തുണ്ടായിരുന്ന ഗണപതിപ്പിള്ള ഭരണം മാറിയശേഷം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വീണ്ടും നിവേദനം നല്കി. അദ്ദേഹവും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
എന്നിട്ടും നടപടിയില്ലാതെ വന്നതോടെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആറുമാസത്തിനകം സ്റ്റേഷന് സ്ഥാപിക്കാന്‍ നടപടി എടുക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നിട്ടും കാര്യമായ നടപടികളൊന്നുമായില്ല. സമരം ശക്തമാക്കാനാണ് നാട്ടുകാരും സംഘടനകളും വ്യാപാരിസമൂഹവും തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: