കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പ്രതിരോധിക്കാനും അട്ടിമറിക്കാനും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ശ്രമം നിയമവിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാവിരുദ്ധവുമാണെന്ന് ബിജെപി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റുമുട്ടലിന്റെ വേദിയായി കേരളത്തെ മാറ്റാനാണ് മുഖ്യമന്ത്രി അരങ്ങത്തും അണിയറയിലും ആസൂത്രിതമായി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ ശ്രമം ഫെഡറല്‍ സംവിധാനത്തെ പാടെ തകര്‍ക്കുന്നതിന് തുല്ല്യമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പോലീസും ബാലാവകാശ കമ്മീഷനും സംയുക്തമായി നടത്തിയ നീക്കം ഇതിന് ഉദാഹരണമാണ്.
ബാലാവകാശ കമ്മീഷന്റെ നടപടി നിയമവിരുദ്ധം മാത്രമല്ല. ക്രിമിനല്‍ കുറ്റവുമാണ്. ബാലാവകാശ കമ്മീഷന് ബാലകൃഷ്ണ കുടുംബ കമ്മീഷന് ആയി അധഃപതിച്ചു. ഈ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. അടിയന്തരമായി ചെയര്മാന് സ്ഥാനം രാജിവെക്കണം. ഇഡി അന്വേഷണത്തെ എങ്ങനെ ശാസ്ത്രീയമായി അട്ടിമറിക്കാം പ്രതിരോധിക്കാം എന്നാണ് കഴിഞ്ഞദിവസം തെളിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരക്കുട്ടിക്ക് ഉറങ്ങാന്‍ പറ്റിയില്ല എന്നാണ് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതി. അദ്ദേഹം സ്ഥാനം ഏറ്റശേഷം എത്ര പരാതി കിട്ടി. എത്ര പരാതികളില്‍ ഇടപെട്ടു എത്ര സമയത്തിനകം ഇടപെട്ടു എന്ന് വ്യക്തമാക്കണം. ചെയര്‍മാനും അംഗങ്ങളും ഒന്നിച്ചു എത്ര പരാതിയില്‍ ഇടപെട്ടു എന്നും വ്യക്തമാക്കണം.
കേരളത്തില്‍ ലഹരി മരുന്ന് ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ എത്രയോ കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ബാലന്മാരുടെയും കൗമാരക്കാരുടെയും ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ ആണ് ഇഡി അന്വേഷണം നടത്തുന്നത്. ബാലാവകാശ കമ്മീഷന് ഈ അന്വേഷണത്തെ അട്ടിമറിക്കാനാണോ ലഹരിമരുന്ന് കച്ചവടക്കാരെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നത്. ബാലാവകാശക്കമ്മീഷന് ഇഡിക്കെതിരെ എടുത്ത കേസിന് ചവറ്റുകുട്ടയിലെ കടലാസിന്റെ വിലപോലുമില്ല. അന്വേഷണം അന്തിമഘട്ടത്തില്‍ എത്തുന്ന സമയത്ത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും സമനില നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്.
പിഎംഎല്ആ ആക്റ്റ് സെക്ഷന്‍ 58 പ്രകാരം പോലീസ് ഇഡിക്ക് സംരക്ഷണം നല്‍കണം. പോലീസ് ഇവിടെ ഇഡിയെ പ്രതിരോധിക്കുകയാണ് ചെയ്തത്. പോലീസും ഇഡിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇഡിയുടെ സമയോചിതമായ ഇടപെടല്‍ മൂലം അത് ഒഴിവാകുകയായിരുന്നു. അന്വേഷണത്തെ അട്ടിമറിക്കാന്‍ സ്പീക്കറും ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് നിയമസഭാ സമിതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ വിശദീകരണം നല്കാന് ഇഡിക്ക് ബാധ്യത ഇല്ല. അഴിമതിക്കെതിരെയുള്ള അന്വേഷണത്തെ അട്ടിമറിക്കാന്‍ സ്പീക്കറും ശ്രമിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളോട് മുഖ്യമന്ത്രി ചട്ടമ്പിത്തരം കാണിക്കരുത്. അത് നടക്കാന്‍ പോകുന്നില്ല.
മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും മടിയില്‍ കനമുണ്ട്. കനമുള്ളതിനാലാണ് ഭയപ്പെടുന്നത്. അമിതമായ ഉപ്പും തിന്നിട്ടുണ്ട്. അതിന്റെ വെള്ളമാണ് കുടിക്കുന്നത്. അന്വേഷണത്തിന്റെ പരിധി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. വരാന്‍ പറയുമ്പോള്‍ വരാനും പോകാന്‍ പറയുമ്പോള്‍ പോകാനും കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ വീട്ടു ജോലിക്കാര്‍ അല്ല.
എകെജി സെന്റര്‍ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ബാലാവാകാശ കമ്മീഷനും പോലീസും കോടിയേരിയുടെ മകന്റെ വീട്ടില്‍ എത്തിയത്. എല്ലാം ജനം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ജനകീയ വികാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, സംസ്ഥാന കൗണ്‍സില്‍ അംഗം പൊക്കിണാരി ഹരിദാസന് എന്നിവരും വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: