ഡോ.മേരി ജോര്‍ജ്ജ്
കേരളപ്പിറവിയുടെ അറുപത്തിനാലാംവാര്ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരേയൊരുസന്തോഷവാര്ത്ത. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്2020 ലെ ഏറ്റവും നല്ല ഭരണത്തിന് ഒന്നാം സ്ഥാനം വീണ്ടും നേടിയിരിക്കുന്നു. തുല്യതാ,വളര്‍ച്ച ,സുസ്ഥിരത എന്നീ മൂന്നു പ്രധാന അളവുകോലുകളെ അനുബന്ധ 50 മാനദണ്ഡങ്ങള്‍ വച്ചു പരിശോധിച്ചാണ് കസ്തൂരിരംഗന്സമിതി ഈ രേഖ കരു പിടിപ്പിച്ചത്.ഏറ്റവും താഴ്ന്ന റാങ്ക് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഉത്തര്‍പ്രദേശിലാണ് ഹത്രാസ് ഉള്ളതെന്ന് വിസ്മരിക്കരുത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളം ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ’ മോഡലിലാണ്. പാലക്കാട് രണ്ടു പെണ്മക്കള് നഷ്ടപ്പെട്ട അമ്മയുടെ കണ്ണീര് മാത്രമല്ല ഭരണം ഏറ്റെടുത്ത ശേഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട അഞ്ച് മാവോവാദികളെന്ന് മുദ്രകുത്തപ്പെട്ടവരുടെ രക്തത്തില്‍, കാസര്‍കോട് കൊല്ലപ്പെട്ട യുവാക്കളുടെ രക്തത്തില്‍, പട്ടിണിയകറ്റാനുള്ള ശ്രമത്തില്‍ ആള്‍ക്കൂട്ട കൊല ചെയ്യപ്പെട്ട പാലക്കാട് മധുവിന്റെ രക്തത്തില്‍, അങ്ങനെ എത്രയെത്ര പേരുടെ രക്തത്തിലാണ് ഭരണം കുളിരുകോരി നില്‍ക്കുന്നത്? എന്നിട്ടും ഒന്നാം സ്ഥാനമെങ്കില്‍ മറ്റു സംസ്ഥാനങ്ങളുടെ ‘സമത്വം,വളര്‍ച്ച സുസ്ഥിരത ‘ എന്നിവ ഏത് നിലവാരത്തില്‍ ആയിരിക്കും. അവിടങ്ങളില്‍ ജനജീവിതം എത്ര ദുസ്സഹമായിരിക്കും.
വീണ്ടും തെരഞ്ഞെടുപ്പ് പ്രഹേളികകള്‍
ഒട്ടും താമസിയാതെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് വരുന്നു. അതിന്റെ ചൂടാറും മുന്‍പേ നിയമസഭാ തിരഞ്ഞെടുപ്പും. ഇപ്പോള്‍ നടക്കുന്ന ഭരണസമ്പ്രദായത്തിനു ജനാധിപത്യഭരണം എന്നുതന്നെ പറയാമോ? ഈ ദുരവസ്ഥ മാറണമെങ്കില്‍ ഏതുതരം ജനസേവകര്ക്കാണ് നാം വോട്ട് ചെയ്യേണ്ടത്? ജനാധിപത്യം ജനപക്ഷ ഭരണം കാഴ്ചവെച്ച് ജനക്ഷേമ രാഷ്ട്ര സങ്കല്പത്തിന് വളക്കൂറുള്ള മണ്ണാവണമെങ്കില് എന്താണ് വേണ്ടത്? ജനാധിപത്യത്തിന് ഹരിശ്രീ കുറിച്ചവര്‍ തന്നെ ആ മഹ സൗഥത്തിന് നാല് തൂണുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാമത്തേത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കുത്തിതിരിപ്പ് ഉണ്ടാക്കുന്നവരെ, കീശ വീര്‍പ്പിക്കുന്നവരെ, സ്ത്രീകളുടെ തുല്യത അംഗീകരിക്കാത്തവരെ, മൂല്യാധിഷ്ഠിത കുടുംബബന്ധങ്ങളെ മാനിക്കാത്തവരെ, ജനപ്രതിനിധി വേഷം കെട്ടാതിരിക്കുക.’ ഒരു ജനത്തിന് അവര്‍ അര്‍ഹിക്കുന്ന ഗവണ്മെന്റിനെ’ ലഭിക്കുന്നു എന്നകാര്യം രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാരും മറക്കാതിരിക്കണം.
നാമിപ്പോള്‍ വീണുകിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം നമ്മുടെ തന്നെ സൃഷ്ടിയാണ്. ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.ഏത് പാര്‍ട്ടി ആയാലും വ്യക്തി മാഹാത്മ്യമുള്ളവര് തിരഞ്ഞെടുക്കപ്പെടണം. ജനാധിപത്യത്തിന്റെ രണ്ടാമത്തെ തൂണ് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും തെരഞ്ഞെടുത്തു രൂപീകരിക്കപ്പെടുന്ന ഗവണ്മെന്റാണ്. എല്ലാവരും ശ്രേഷ്ഠ രാവണം പ്രഗല്ഭരുമാവണം. അവരില്‍ സര്‍വ്വ സമ്മതനും സര്‍വ്വരെയും കേള്‍ക്കുന്നവനും അംഗീകരിക്കുന്നവനും ആവണം മുഖ്യമന്ത്രി. കേരളത്തില്‍ ഈ രണ്ടു തൂണുകളും തുരുമ്പിച്ചി രിക്കുന്നു. കാരണം മുഖ്യമന്ത്രിയെന്ന Xi in Ping ന്റെ മുന്പില് എത്തുമ്പോള്‍ സര്‍വ്വം മറന്ന് മുട്ട് കൂട്ടിയടിക്കുന്നരാണ് ഇതര മന്ത്രിമാരും എംഎല്‍എമാരും. അടുത്ത തൂണ് ജുഡീഷ്യറിയാണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍’ ജുഡീഷ്യറിയില്ല. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ ഒതുങ്ങിയിരിക്കുന്നു ഭരണനിര്‍വഹണത്തിന്റെ എല്ലാ തലങ്ങളും. എന്നാല്‍ ശക്തമായൊരു ജുഡീഷ്യറി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പെരുമ വര്ദ്ധിപ്പിച്ചിട്ടുണ്ട്എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും. എന്നിരിക്കിലും ജുഡീഷ്യറിയിലും പുഴുക്കുത്തുക്കള്‍ വീണു തുടങ്ങിയോ എന്ന് സംശയിക്കേണ്ട കാലം എത്തിയിരിക്കുന്നു.
ജുഡീഷ്യറിയുടെ മസ്തിഷ്കത്തിലും പുരുഷമേധാവിത്വബോധം ഉറഞ്ഞു തുളുമ്പുന്നു എന്നതിന് തെളിവാണ് ഗാന്ധിജയന്തി ആഘോഷ വേളയില്‍ തന്നെ മധ്യപ്രദേശിലുണ്ടായത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ കുറ്റവിചാരണയുടെ സന്ദേശം നോക്കാം. ബലാല്‍സംഗം ചെയ്ത കുറ്റവാളി ഇരയായ സ്ത്രീയുടെ വീട്ടില്‍ പോയി ഇരയെ കൊണ്ട് തന്നെ തന്റെ കയ്യില്‍ രാഖി കെട്ടിക്കണം എന്ന ഉപാധിയോടെ ജാമ്യം നല്കാന് തയ്യാറായി. ഈ വിധി നിയമവിരുദ്ധവും സ്ത്രീവിരുദ്ധവും ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു കുളിക്കുന്നതുമായി വിമര്‍ശിക്കപ്പെട്ടു. ഈ വിധിക്കെതിരെ 9 വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതോടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ജഡ്ജിമാരെ ലിംഗ സമത്വം, ലിംഗനീതി എന്നിവയെപ്പറ്റി പഠിപ്പിച്ചു കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ജുഡീഷ്യറിയുടെ നിഷ്പക്ഷത, അഖണ്ഡത, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍ എന്നീ കാര്യങ്ങളില്‍ പ്രശാന്ത് ഭൂഷണ് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക മാത്രമാണ് എനിക്കിവിടെ സാധിക്കുക.
ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ ഏറ്റവും ശക്തവും യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ക്ക് ഏറ്റവും സ്വീകാര്യവുമായ തൂണ് ഇതാണ് -മാധ്യമങ്ങള്‍. എന്നാല്‍ ജനാധിപത്യത്തിന്റെ പേരില്‍ ഏറ്റവുമധികം വ്യഭിചാരിക്കപെടുന്നതും ഇതു തന്നെയെന്ന് ആശങ്കയോടെ വിലയിരുത്തേണ്ടി വരും. ഓരോ മാധ്യമത്തിനും സ്വന്തം അജണ്ട കാണും. എന്നാല്‍ അജണ്ടയുടെ നൈതികതയ്ക്ക് അകത്തു നിന്നുകൊണ്ട് ജനക്ഷേമം ലക്ഷ്യംവെച്ച് മാധ്യമപ്രവര്‍ത്തനം നടത്താനാവും. കടുത്ത പക്ഷംപിടുത്തത്തില് നിന്ന് ആരോഗ്യകരമായ അകലം പാലിക്കാന്‍ കഴിയും.എന്നാല്‍ എന്താണി ന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.നാറി ദുര്‍ഗന്ധം പരത്തുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള ജാള്യത മറയ്ക്കണം.
രണ്ട് പ്രളയങ്ങളും കോവിഡ് 19 ഉം തകര്‍ത്തെറിഞ്ഞ സമ്പദ് ഘടന. കേരള പുനസൃഷ്ടി പദ്ധതികള്‍ തുടങ്ങിയേ ടത്ത് നില്ക്കുന്നു. വയനാട് ജില്ലയില്‍ കബനീ നദിയുടെ തീരത്ത് പ്രളയമെടുത്തു പോയ വീട് ഉടമകള്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കാന്‍ പത്തുലക്ഷത്തിലേറെ വാഗ്ദാനം 2019 20 ബജറ്റില്‍ നല്കി. ഒരു രൂപ പോലും കൊടുത്തില്ലെന്ന് മാത്രമല്ല 2019ലെ പ്രളയം എത്തുന്നതിനുമുമ്പ് പഞ്ചായത്ത് പ്രസിഡണ്ടിനെ സമീപിച്ചവരോട് ഗവണ്മെന്റ് ഖജനാവില്‍ നയാപൈസ ഇല്ല ,പ്രളയം വരുന്നതിനുമുമ്പ് രക്ഷപ്പെട്ടോളൂ എന്നാണ് പറഞ്ഞത്. അവിടെനിന്നും 350 പേര് ഒപ്പുവെച്ച, പ്രളയക്കെടുതിക്ക് ദുരിതാശ്വാസം ആവശ്യപ്പെടുന്ന മെമ്മോറാണ്ടം ഞാന്‍ ഉള്‍പ്പെട്ട സംഘമാണ് ധനമന്ത്രിക്ക് കൈമാറിയത്. സ്വതസിദ്ധമായ കള്ളച്ചിരിയോടെ അതു സ്വീകരിച്ച അദ്ദേഹം ‘നോക്കാം ശരിയാക്കാ’മെന്ന് മൊഴിഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന് പ്രകടനപത്രികയില്‍ പറഞ്ഞത് സ്വര്ണ്ണക്കള്ളക്കടത്തം കള്ളപ്പണം കഴുകി വെളുപ്പിക്കലും മയക്കുമരുന്ന് വിപണനവും ഉദ്ദേശിച്ചാ യിരുന്നുവെന്ന് ശരിക്കും മനസ്സിലാവാന്‍ നാലു വര്‍ഷത്തിലധികം വേണ്ടിവന്നു. അത് ജനം മനസ്സിലാക്കി വന്നപ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പുകള്‍ ഇങ്ങെത്തി.
ഇനിയിപ്പോള്‍ ഗവണ്മെന്റിന് മുഖംമിനുക്കിയേ തീരൂ. അവിടെയാണ് മാധ്യമങ്ങളുടെ ജനാധിപത്യ ധര്‍മ്മം ചോദ്യം ചെയ്യപ്പെടുന്നത്. മൂന്ന് പത്രങ്ങളുടെ വരിക്കാരാണ് ഞങ്ങള്‍. ഏതു പത്രമെടുത്താലും കാണുന്നത് ഗവണ്മെന്റ് പരസ്യങ്ങളാണ്. ഒട്ടുമിക്കതും കല്ലിടല്‍ ആണ്. പലതും പലവട്ടം ഉദ്ഘാടനം നടത്തിയവയാണ്. ടെലിവിഷന്‍ ചാനല്‍ തുറന്നാലോ അവിടെയും ഗവണ്മെന്റിന്റെ വിസ്മയിപ്പിക്കുന്ന ലോകോത്തര പദ്ധതികളെപ്പറ്റിയാണ് കേള്‍ക്കേണ്ടത്. കേരളത്തിലാണോ നോര്വെയിലാണോ എന്ന് സംശയിപ്പിക്കുന്ന ദൃശ്യങ്ങളാണ്.കഴിഞ്ഞ വര്‍ഷം ഏതാണ്ട് എല്ലാ സമയത്തും ട്രഷറി നിയന്ത്രണം നിലനിന്ന സംസ്ഥാനത്താണ് ഖജനാവു ചോര്‍ത്തുന്ന ബഹു കോടികള്‍ ചെലവഴിക്കുന്ന ഇത്തരം സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ .പണത്തിനു വേണ്ടി ഇത്തരം പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നതാണോ മാധ്യമധര്‍മ്മം? അതുകൊണ്ടാണ് ഞാന്‍ നാലാം തൂണിന്റെ ജീര്‍ണത സൂചിപ്പിച്ചത്.അങ്ങനെ നോക്കുമ്പോള്‍ ജനാധിപത്യം ജനപക്ഷം വിട്ട് പണത്തിന്റെ പക്ഷത്താണിപ്പോള്‍. തദ്ദേശസ്വയംഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നാം എങ്ങനെ നേരിടണം. അതിന് അടിസ്ഥാനപരമായി നമുക്ക് വേണ്ടത് നമ്മുടെ വികസന ആവശ്യങ്ങള്‍ മനസ്സിലാക്കുകയാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഗവണ്മെന്റുകളാണ്. അധികാരപരിധി പരിമിതപെട്ടതാണെന്നു മാത്രം. അങ്ങനെയെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ മുന്‍പോട്ടു വെയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനം എന്തു പ്രതീക്ഷിക്കണം? ജനത്തിനു മുന്നില്‍ വയ്ക്കാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാവണം. മാസ്റ്റര്‍ പ്ലാന്‍ എന്ത് ഉള്‍ക്കൊള്ളണം? ആ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുക്കണം. ആ പ്രദേശം നന്നായി അറിയണം. വിഭവങ്ങള്‍ എന്തൊക്കെ, പരിസ്ഥിതി ലോലപ്രദേശ ങ്ങളുണ്ടെങ്കില്‍ സംരക്ഷിക്കാന്‍ എന്തുചെയ്യാം, അനധികൃത ക്വാറികള്‍, മണല്‍ വാരലുകള്‍, പരിസ്ഥിതി സൗഹൃദ വികസന സാധ്യതകള്‍, ടൂറിസം വികസന സാധ്യതകള്‍, കാര്‍ഷിക വ്യാവസായിക സംരംഭ സാധ്യതകള്‍,അങ്ങനെ പോകും. റോഡുകള്‍, പാലങ്ങള്‍ ഇവയുടെ ലഭ്യത അഭാവം ഇതൊക്കെ പഠിച്ച് പ്രതിവിധി കാണാന്‍ സാധ്യതകള്‍ അറിയണം.അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തിയും ഭാവനയും ഉണ്ടാവണം. കാര്‍ഷിക-വ്യാവസായിക നിര്‍മ്മാണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തോടൊപ്പം ഖരമാലിന്യ നിര്‍മാര്‍ജ്ജനം വികസനത്തിന്റെ അനുപേക്ഷണീയ ഭാഗമാകുന്നു.വികസന സാധ്യതകള്‍ മനസ്സിലാക്കുന്ന തോടൊപ്പം വിഭവ സമാഹരണ സാധ്യതകളും അറിയണം.ഉദാ. ടൂറിസം സാധ്യതകളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം ആണെങ്കില്‍ ടൂറിസം വികസനം നല്ല മാതൃകയാക്കി വളര്‍ത്തുക.വരുമാന സമാഹരണത്തിന് നല്ല സാധ്യതകളാണു ണ്ടാവുക. ഉത്തരവാദിത്ത ടൂറിസം കൂടുതല്‍ അവസരങ്ങളും വരുമാനവും ഉണ്ടാക്കാം. സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങുകയും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കഴിയുകയും ചെയ്യുന്ന മേഖലയാണത്.
എല്ലാ വികസന പദ്ധതികള്‍ക്കും സംസ്ഥാനം കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിഭവം വരുന്നത് നോക്കി ഇരിക്കേണ്ട.പല പല പദ്ധതികളും പൊതുജന കൂട്ടായ്മ കൊണ്ട് ചെയ്യാന്‍ ആവണം. നിലവിലിരിക്കുന്ന പിന്തിരിപ്പന് നയങ്ങള്‍ തിരിച്ചറിയണം ജനഹിതം അറിഞ്ഞു അവയ്ക്കെതിരെ പ്രവര്ത്തിക്കുന്നവന് ആവണം. മദ്യപാനം മയക്കുമരുന്ന് പ്രകൃതിനശീകരണം ഇവയാണ് സമൂഹത്തിന്റെ മുഖ്യ ശത്രുക്കള്‍. 1960- 61ല്‍ മദ്യത്തിന്റെ മേലുള്ള നികുതി 25% ആയിരുന്നത് കോവിഡ് കാലത്ത് 247% ആയി. കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, കുടുംബാരോഗ്യം, കുടുംബത്തിന്റെ കെട്ടുറപ്പ് എന്നിവയെ തകര്‍ക്കുന്ന മദ്യപാനത്തെ ചെറുത്തുതോല്‍പ്പിക്കാനാവണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം ഏതൊക്കെ അധികാരങ്ങളും വകുപ്പുകളും വിഭവ ങ്ങളും ആണ് കൈമാറിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്താനും ഉള്‍ക്കൊള്ളാനും ആവണം. ജനപ്രതിനിധിയുടെ കടമ 24 മണിക്കൂര്‍ ജോലി ആയി കണക്കാക്കുന്നവരെ വേണം തിരഞ്ഞെടുക്കാന്‍. തെരഞ്ഞെടുപ്പിനു ശേഷവും ബഡായിബംഗ്ലാവ് കളിക്കാനും സിനിമയില്‍ അഭിനയിക്കാനും കാത്തിരിക്കുന്നതിനും നടക്കുന്നവരാവരുത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ അലവന്‍സ് പെന്ഷന് ഇതൊക്കെ ജനസേവനത്തിനായി ഖജനാവില്‍ നിന്നും നല്‍കുന്നതാണ്.
മതനിരപേക്ഷത എന്താണെന്ന് അറിയണം. ഗാന്ധിജിയുടെ ‘വില്ലേജ് സ്വരാജ് ‘വായിച്ചു ഗ്രഹിച്ചാല്‍ ഉത്തമ ജനപ്രതിനിധികള്‍ ആവാം.കേരളത്തിലെ ജനസംഖ്യയില്‍ 52% സ്ത്രീകളാണ് ഏത് പാര്‍ട്ടിയും 52% സീറ്റ് സ്ത്രീകള്‍ക്കു നല്കിയ ലിംഗ നീതി ഉറപ്പു വരുത്തണം. ജനങ്ങള്‍ മതങ്ങളെ സൃഷ്ടിക്കുന്നു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നു ഈ ദൈവങ്ങളാണ്…മനുഷ്യനെ പരസ്പരം വെട്ടിക്കൊല്ലാന്‍ പ്രേരിപ്പിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടായാല്‍ ദൈവത്തെ മത ങ്ങളില്‍ നിന്ന് അടര്‍ത്തി ഹൃദയത്തില്‍ കുടിയിരുത്താം.പൗരത്വ നിയമത്തില്‍ നിന്നും മതത്തെ അടര്‍ത്തിയെടുത്ത് ചവറ്റുകുട്ടയിലുമിടാം. അങ്ങനെ കരുത്തുള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചു തുടക്കം കുറിക്കട്ടെ. അവര്‍ക്ക് രാഷ്ട്രപതിയുടെ സിംഹാസനം വരെ എത്തി പറ്റാം. അവര്‍ ജനാധിപത്യത്തിന്റെ കാവലാളുകള്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: