കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സീറ്റുകളുടെ കാര്യത്തില്‍ രൂപപ്പെട്ടിരിക്കുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുംവിധം രൂക്ഷമായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അദ്ദേഹം ഇത് പ്രകടമാക്കി. നേതാക്കളുമായുള്ള പൊതുയോഗത്തിലും സ്വകാര്യസംഭാഷണത്തിലുമെല്ലാം ജില്ലയിലെ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥ തന്നെയായിരുന്നു വിഷയം. ജില്ലയിലെ 68 പഞ്ചായത്തുകളില്‍ ആറുപഞ്ചായത്തുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കഴിഞ്ഞതവണ പിടിച്ചെടുക്കാനായത്. പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ നഗരസഭകളില്‍ എല്ലായിടത്തും പ്രതിപക്ഷത്താണ്. കൊല്ലം കോര്‍പ്പറേഷനില്‍ രണ്ട് പതിറ്റാണ്ടായി ഭരണം സ്വപ്നം കണ്ടിരിക്കുകയാണ്. ജില്ലാപഞ്ചായത്തില്‍ മൂന്നുപേരെ ഉള്ളൂ. അസംബ്ലിയിലേക്ക് ഒറ്റ സീറ്റുപോലും നേടിയിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ കെപിസിസി ഭാരവാഹികള്‍ എല്ലാതവണയും കൊല്ലം ജില്ലയില്‍ നിന്നാണെന്നും ഇത്തവണയും അതില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ മാറ്റം ആസന്നമായ തെരഞ്ഞെടുപ്പ് ഫലത്തിലും കോണ്‍ഗ്രസിന് സൃഷ്ടിക്കാനാകണമെന്നായിരുന്നു സംസ്ഥാനപ്രസിഡന്റിന്റെ വിമര്‍ശനം.
കോണ്‍ഗ്രസിലെ സീറ്റുമോഹികളെക്കുറിച്ചായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനം. സീറ്റ് ലഭിക്കില്ലെന്ന് തിരിച്ചറിയുന്ന ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നത് പഴയ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് വ്യക്തമാക്കാനും മുല്ലപ്പള്ളി മറന്നില്ല. കോണ്‍ഗ്രസിലെ സീറ്റ് വിഭജനം എപ്പോഴും കീറാമുട്ടിയാകാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും അതു മറികടക്കാന്‍ സാധിക്കുന്നില്ലെന്ന് വന്നാല്‍ നേതൃത്വമാണ് അതിന് ഉത്തരവാദികളെന്നും വിമര്‍ശനമുയര്‍ന്നു.
ജില്ലയിലെ സീറ്റുചര്‍ച്ചകളില്‍ ആര്‍എസ്പിക്ക് പ്രാമുഖ്യം നല്കുന്ന കോണ്‍ഗ്രസ് സമീപനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തികൊണ്ട് നേതാക്കളില്‍ ചിലരും രംഗത്തെത്തി. കഴിഞ്ഞ തവണ നല്കിയതിനെക്കാള് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സ്വന്തം നിലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും വിജയിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നണിയുടെ മേല്‍വിലാസത്തില്‍ വേണ്ടതെന്നും അഭിപ്രായമുയര്‍ന്നു. ഇടതുമുന്നണിവിട്ടുവന്ന ആര്‍എസ്പിക്ക് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന കൊല്ലം ലോക്സഭാമണ്ഡലം വിട്ടുകൊടുത്ത സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെയും അസംബ്ലിയിലെയും തെരഞ്ഞെടുപ്പുകളില്‍ സീറ്റുവര്‍ധനയ്ക്കുള്ള ആര്‍എസ്പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ജില്ലയില്‍നിന്നും കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പ്രവര്‍ത്തനഫണ്ടിനത്തില്‍ പിരിച്ചെടുത്ത 35 ലക്ഷം രൂപ അഞ്ചുദിവസത്തിനകം സംസ്ഥാനകമ്മിറ്റിക്ക് അടയ്ക്കേണ്ടതാണെന്ന നിര്‍ദേശവും സംസ്ഥാനനേതാക്കളില്‍ നിന്നുമുണ്ടായി. എന്നാല്‍ പുതിയ ജില്ലാമന്ദിരം നിര്‍മിച്ച വകയിലുള്ള ചെലവിലേക്ക് ഇതുള്‍പ്പെടുത്തണമെന്ന് ഡിസിസി അധ്യക്ഷയ്ക്കുവേണ്ടി ജില്ലാനേതാക്കള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: